മഞ്ഞപ്പടയ്ക്ക് മഞ്ഞ ജേഴ്സിയില്ല; കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിനിറങ്ങുക എവേ ജേഴ്സിയിൽ
ആറ് വർഷങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ ഫൈനലിലെത്തുന്നത്. ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിരയിലാഴ്ത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് പ്രവേശിച്ചത്. ഗോവയിൽ നടന്ന രണ്ടാം പാദ മത്സരം സമനിലയിലായെങ്കിലും ആദ്യ മത്സരത്തിലെ വിജയത്തിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഐഎസ്എൽ കിരീടമെന്ന ടീമിന്റെയും ആരാധകരുടെയും വർഷങ്ങളുടെ പഴക്കമുള്ള സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
ഫൈനലിന് ആരാധകരെ അനുവദിക്കുമെന്ന് അറിയിച്ചതോട് കൂടി ഗോവയിലെ ഐഎസ്എൽ ഫൈനൽ മത്സരത്തിൽ സ്റ്റേഡിയം മഞ്ഞക്കടലാവും എന്നുറപ്പായിരിക്കുകയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ചെറിയ നിരാശ പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ ഹോം ജേഴ്സി ഇടാൻ കഴിയുകയില്ല എന്ന വാർത്തയാണ് ഇപ്പോൾ ഒരേ പോലെ ടീമിനും ആരാധകർക്കും ചെറിയ നിരാശ പകർന്നിരിക്കുന്നത്. ഫൈനലിലെ എതിരാളികളായ ഹൈദരാബാദിനായിരിക്കും മഞ്ഞ ജേഴ്സി കിട്ടുക. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സയായ മഞ്ഞ ജേഴ്സി ധരിക്കാം.
കറുപ്പിൽ നീല വരകളുള്ള തങ്ങളുടെ എവേ ജേഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് ഫൈനലിനിറങ്ങുക. എന്നാൽ ജേഴ്സിയുടെ നിറമൊന്നും തങ്ങൾക്ക് പ്രശ്നമല്ല എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ പറയുന്നത്. ഇത്തവണ ബ്ലാസ്റ്റേഴ്സ് കപ്പടിക്കുക എന്നതാണ് തങ്ങൾക്ക് പ്രധാനം എന്ന് പറഞ്ഞിരിക്കുകയാണ് ആരാധകർ.
Read More: ഒരുങ്ങുന്നു അങ്കത്തട്ട്; കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദും തമ്മിലുള്ള ഐഎസ്എൽ ഫൈനൽ ഞായറാഴ്ച ഗോവയിൽ
അതേ സമയം ഫൈനലിൽ ആരാധകർക്ക് മുൻപിൽ കളിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സന്തോഷം നൽകുന്ന കാര്യമെന്ന് പറഞ്ഞിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ഇവാൻ വുകോമനോവിച്ച്. ആർക്കും പ്രതീക്ഷയില്ലാതിരുന്ന ഒരു ഘട്ടത്തിൽ നിന്ന് ലീഗിലെ ഒന്നാം നമ്പർ ടീമിനെ തോൽപ്പിച്ച ടീമായി മാറിയതിന്റെ എല്ലാ ക്രെഡിറ്റും കളിക്കാർക്കാണെന്നും ഇവാൻ കൂട്ടിച്ചേർത്തു.
Story Highlights: Kerala blasters won’t wear home jersey in final