“തൂഫാൻ..”; കെജിഎഫ് 2 വിലെ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്

March 21, 2022

ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കെജിഎഫ് 2. അപ്രതീക്ഷിതമായി വന്ന് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി മാറിയ കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗമാണ് കെജിഎഫ് 2. ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും മൊഴി മാറ്റി റിലീസ് ചെയ്ത ചിത്രം എല്ലാ സിനിമ ഇന്ഡസ്ട്രികളിലും വലിയ വിജയമായി മാറിയിരുന്നു. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 14 നാണ് ചിത്രം മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ ലോകമെങ്ങും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിനായി വലിയ ആവേശത്തോടെ കാത്തിരുന്ന പ്രേക്ഷകർക്കും ആരാധകർക്കും വലിയ സന്തോഷം നൽകി ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘തൂഫാൻ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇന്ന് പുറത്തു വന്നത്. കെജിഎഫ് 2 വിലെ ചില സീനുകളും ചേർത്താണ് ഗാനം പുറത്തു വന്നത്. ആദ്യ ഭാഗത്തിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഒരു സ്ഥലത്താണ് ചിത്രം അവസാനിച്ചിരുന്നത്. അതിന് ശേഷം കഥയിൽ സംഭവിച്ചിരിക്കാൻ സാധ്യതയുള്ള സംഭവങ്ങളെ പറ്റിയുള്ള സൂചനകളും ഗാനത്തിലെ സീനുകൾ നൽകുന്നുണ്ട്. കെജിഎഫ് ആദ്യ ഭാഗത്തിലെ ചില സീനുകളും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More: ‘ഒരു യഥാർത്ഥ സംഭവത്തിന്റെ ശക്തമായ ആവിഷ്ക്കാരം, നിർബന്ധമായും കാണണം’; പടയെ പ്രശംസിച്ച് സംവിധായകൻ അനുരാഗ് കശ്യപ്

2018 ഡിസംബറിലാണ് കെജിഎഫിന്റെ ആദ്യ ഭാഗം പ്രേക്ഷകരിലേയ്ക്കെത്തിയത്. യാഷ് എന്ന ചലച്ചിത്ര താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയ ചിത്രം കൂടിയാണ് കെജിഎഫ്. കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് നീലാണ് കെജിഎഫിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീനിധി ഷെട്ടി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുമ്പോൾ ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് ആണ്.

Story Highlights: Kgf 2 song lyric video