ഇത് കുഞ്ഞപ്പൻ അല്ല കുട്ടപ്പൻ, ട്രെയ്‌ലർ ഹിറ്റ്

March 14, 2022

മലയാളി സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴിലും ഒരുങ്ങുമ്പോൾ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. വളരെ രസകരമായാണ് തമിഴിലും ചിത്രത്തിന്റെ ട്രെയ്‌ലർ.

കൂഗിള്‍ കുട്ടപ്പ എന്ന പേരിലാണ് ചിത്രം തമിഴില്‍ പ്രേക്ഷകരിലേയ്ക്കെത്തുന്നത്. ശബരിയും ശരവണനും ചേര്‍ന്നാണ് തമിഴില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ചലച്ചിത്ര ലോകത്ത് നേരത്തെ ശ്രദ്ധ നേടിയിരുന്നു. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിയ്ക്കുന്നത് സംവിധായകനും നടനുമായ കെ എസ് രവി കുമാറാണ്. രവി കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. തര്‍ഷാനും ലോസ്ലിയയും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Read also:കേരളത്തിൽ മാത്രമല്ല അങ്ങ് ഇന്തോനേഷ്യയിലുമുണ്ട് പറുദീസ ഗാനത്തിന് ആരാധകർ; ശ്രദ്ധനേടി ‘പറുദീസ’യുടെ ഇന്തോനേഷ്യൻ വേർഷൻ

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ച ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഹ്യൂമനോയിഡാണ് മറ്റൊരു ആകര്‍ഷണം. ആദ്യാവസാനം ചിരിയും ചിന്തയും നിറച്ച ചിത്രത്തിൽ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ കുഞ്ഞപ്പനും നിറഞ്ഞ കൈയടിയാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. ഓരോ ചലനങ്ങളിലും ഏറെ മികവ് പുലർത്തിയ ഈ കുഞ്ഞപ്പനെ വെള്ളിത്തിരയിൽ വിസ്‌മയമാക്കിയത് സൂരജ് തേലക്കാടാണ്. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തിയത്. കുടുംബബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ ചിത്രം പുതിയ കാലത്തിലെ ആളുകളെക്കുറിച്ചും ടെക്‌നോളജിയുടെ വളർച്ചയെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. ഒപ്പം അച്ഛൻ മകൻ ബന്ധത്തിന്റെ ആഴവും പരപ്പും ചിത്രം പറയുന്നുണ്ട്.

Story highlights; Koogle Kutappa Official Trailer