ഭീഷ്മപർവ്വത്തിന് പിന്നാലെ ഏജന്റുമായി മമ്മൂട്ടി; ഇത്തവണ നായകനല്ല വില്ലൻ, ശ്രദ്ധനേടി ഫസ്റ്റ് ലുക്ക്

March 7, 2022

മമ്മൂട്ടി ചിത്രങ്ങളെ കാത്തിരിക്കുന്ന സിനിമ ആരാധകർക്ക് ആവേശമാകുകയാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ. അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഭീഷ്മപർവ്വം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്നതിനിടെയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന ഏജന്റ് എന്ന തെലുങ്ക് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. അതേസമയം മൂന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2019ല്‍ പുറത്തെത്തിയ യാത്രയാണ് അദ്ദേഹത്തിന്‍റെ അവസാന തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി ആയിരുന്നു മമ്മൂട്ടി എത്തിയത്. അഖില്‍ അക്കിനേനിയാണ് ഏജന്റിൽ നായകനായി വേഷമിടുന്നത്. പുതുമുഖതാരം സാക്ഷി വൈദ്യയാണ് നായിക. സുരേന്ദര്‍ റെഡ്ഡിയാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കൈയിൽ തോക്കും പിടിച്ച് തൊപ്പി വച്ച ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി. കഥാപാത്രം ഒരു പട്ടാള ഉദ്യോഗസ്ഥനാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Read also: ആംബുലന്‍സ് വളയം പിടിയ്ക്കാൻ ഇനി സ്ത്രീകളും, ആദ്യ ഡ്രൈവറായി കോട്ടയം സ്വദേശിനി ദീപമോള്‍

അതേസമയം ബിഗ് ബിയ്ക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഭീഷ്മപർവ്വം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: Mammootty New Film Agent