‘യാത്ര’യ്ക്ക് ശേഷം തെലുങ്കിൽ തിളങ്ങാൻ വീണ്ടും മമ്മൂട്ടി; ‘ഏജന്റ്’ റിലീസ് തിയതി പുറത്ത്

March 11, 2022

ഭീഷ്മപർവ്വത്തിലെ മൈക്കിൾ അപ്പയെ ഏറ്റെടുത്ത സിനിമ ആസ്വാദകർ കാത്തിരിക്കുന്നതും മമ്മൂട്ടിയുടെ അടുത്ത ചിത്രങ്ങൾക്കായാണ്. ഓരോ കഥാപാത്രങ്ങളെയും അതിന്റ പൂർണതയിൽ എത്തിക്കുന്ന മെഗാസ്റ്റാർ മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിയതാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ വിശേഷങ്ങളാണ് അണിയറയിൽ ശ്രദ്ധനേടുന്നത്. ഏജന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം മൂന്ന് വർഷങ്ങൾക്ക് ശേഷം അണിയറയിൽ ഒരുങ്ങുന്ന മമ്മൂക്കയുടെ തെലുങ്ക് ചിത്രമാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആഗസ്റ്റ് 12 മുതലാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്.

അഖില്‍ അക്കിനേനി നായകൻ ആകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണവും. പുതുമുഖതാരം സാക്ഷി വൈദ്യയാണ് സിനിമയിലെ നായിക. സുരേന്ദര്‍ റെഡ്ഡിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കൈയിൽ തോക്കും പിടിച്ച് തൊപ്പി വച്ച ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഈ സിനിമയിലെ കഥാപാത്രം ഒരു പട്ടാള ഉദ്യോഗസ്ഥനാണ് എന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട്. അതേസമയം ഏജന്റിന്റെ സെറ്റിൽ ഭീഷ്മ പര്‍വ്വത്തിന്‍റെ വിജയം ആഘോഷിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോകളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Read also:ഇവരുടെ പ്രകടനം മഞ്ഞപ്പടയ്ക്ക് നിർണായകം; ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തിൽ പ്രതീക്ഷയർപ്പിക്കുന്ന താരങ്ങൾ

2019- ല്‍ പുറത്തെത്തിയ യാത്രയാണ് മമ്മൂട്ടിയുടെ അവസാന തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി ആയിരുന്നു മമ്മൂട്ടി എത്തിയത്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം താരത്തിന്റെ പുതിയ തെലുങ്ക് ചിത്രം ഒരുങ്ങുമ്പോൾ ഏറെ പ്രതീക്ഷിയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികളും.

Story highlights; Mammootty Telugu Movie Agent