കുട്ടിക്കാലചിത്രങ്ങൾ പങ്കുവെച്ച് താരം, കമന്റ് ചെയ്ത് മോഹൻലാലും

March 15, 2022

ചലച്ചിത്രതാരങ്ങളുടെ സിനിമ വിശേഷങ്ങൾക്കൊപ്പംതന്നെ അവരുടെ കുടുംബവിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ചിലപ്പോഴൊക്കെ താരങ്ങളുടെ ബാല്യകാലചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ യുവനടൻ പ്രണവ് മോഹൻലാൽ പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കൗതുകമാകുന്നത്. താരത്തിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങളിൽ മോഹൻലാലിൻറെ കൈകളിൽ ഇരിക്കുന്ന പ്രണവിന്റെ ചിത്രവും മറ്റൊരു ചിത്രവുമാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്.

1.1 മില്യണ്‍ ഫോളോവേഴ്സ് ഉള്ള പ്രണവിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് പൊതുവെ ലഭിക്കാറുള്ളത്. ഇത്തവണ പ്രണവ് പങ്കുവെച്ച ചിത്രങ്ങൾക്ക് ആരാധകർ പങ്കുവയ്ക്കുന്ന കമന്റുകളാണ് ഏറെ കൗതുകമാകുന്നത്. ഒപ്പം ചിത്രത്തിന് കമന്റിട്ട് മോഹൻലാലും എത്തി. ഹൃദയ ചിഹ്നത്തിന്‍റെയും ചുംബനത്തിന്‍റെയും സ്മൈലികളാണ് മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കമന്റ് ചെയ്തിരിക്കുന്നത്. 

അതേസമയം ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’, ‘ഹൃദയം’ എന്നീ ചിത്രങ്ങളാണ് പ്രണവിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. മരക്കാറിൽ മോഹൻലാലിൻറെ ചെറുപ്പമാണ് പ്രണവ് അഭിനയിക്കുന്നത്. എന്നാൽ വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിൽ പ്രണവ് അവതരിപ്പിച്ച അരുൺ എന്ന കഥാപാത്രത്തെ പ്രേക്ഷകരും ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. പാട്ടുകൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രണവിനൊപ്പം ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികമാരായി എത്തുന്നത്.

Read also: കേരളത്തിൽ മാത്രമല്ല അങ്ങ് ഇന്തോനേഷ്യയിലുമുണ്ട് പറുദീസ ഗാനത്തിന് ആരാധകർ; ശ്രദ്ധനേടി ‘പറുദീസ’യുടെ ഇന്തോനേഷ്യൻ വേർഷൻ

കോളജ് കാലഘട്ടത്തിലെ പ്രണയവും സൗഹൃദവും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം മികച്ച സ്വീകാര്യതയോടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. പഠനകാലഘട്ടത്തിലെ രസകരമായ സംഭവങ്ങളും പ്രണയവും സൗഹൃദവും പറയുന്ന ചിത്രം കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് പ്രേക്ഷകരിലേക്കെത്തിയത്. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങിയത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. 2022 ജനുവരി 21 മുതലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

Story highlights: Mohanlal comments on Actors Childhood pics