വലിയ മാറ്റങ്ങളോടെ മറ്റൊരു ഓസ്കർ സീസൺ; അവതാരകരായി 3 സ്ത്രീകൾ

March 27, 2022

കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം മറ്റൊരു ഓസ്കർ അവാർഡിന് ലോകം സാക്ഷ്യം വഹിക്കാൻ പോവുകയാണ് നാളെ. ഓരോ വർഷത്തെയും ലോകത്തെ ഏറ്റവും മികച്ച സിനിമകൾ ആദരിക്കപ്പെടുന്ന ഒരു അവാർഡ് ദാന ചടങ്ങ് കൂടിയാണ് ഓസ്കർ. ലോകമെങ്ങുമുള്ള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഓസ്കറിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച ആർട്ടിസ്റ്റുകളാണ് ആദരിക്കപ്പെടുന്നത്.

ഇന്ത്യൻ സമയം നാളെ രാവിലെ 5.30 നാണ് ചടങ്ങ് ആരംഭിക്കുന്നത്. കുറേയേറെ മാറ്റങ്ങളോടെയാണ് ഈ വർഷത്തെ അവാർഡ് ദാന ചടങ്ങ് നടക്കുന്നത്.

ഇത്തവണത്തെ അവാർഡ് ദാന ചടങ്ങിലെ ഏറ്റവും പ്രധാന സവിശേഷത എന്ന് പറയുന്നത് അവതാരകരുടെ കാര്യത്തിലാണ്. 3 സ്ത്രീകളാണ് ഇത്തവണ ഓസ്കറിന് അവതാരകരായി എത്തുന്നത്. കഴിഞ്ഞ 3 വർഷങ്ങളിലും അവതാരകരില്ലാതെയാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. ഇതിന് മുൻപും വനിതകൾ ഓസ്കറിന് അവതാരകരായി എത്തിയിരുന്നെങ്കിലും 3 വനിതകൾ ഒരുമിച്ച് അവതാരകരാവുന്നത് ഇതാദ്യമായാണ്. വാൻഡ സൈക്സ്, എമി ഷൂമർ, റെജിന ഹാൾ എന്നിവരാണ് ഈ വർഷം അവതാരകരായെത്തുന്നത്.

അവാർഡ് വിതരണങ്ങൾ വെട്ടിച്ചുരുക്കിയതാണ് മറ്റൊരു പ്രധാന മാറ്റം. 23 പുരസ്‌ക്കാരങ്ങളിൽ 8 എണ്ണം ചടങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ നൽകപ്പെടും എന്നതാണ് മറ്റ് സീസണുകളിൽ നിന്ന് ഈ വർഷത്തെ ഓസ്കറിനെ വ്യത്യസ്തമാക്കുന്ന ഒന്ന്. എഡിറ്റിംഗ്, സൗണ്ട്, ഒറിജിനൽ സ്കോർ, മേക്കപ്പ്, പ്രൊഡക്ഷൻ ഡിസൈൻ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, ആനിമേഷൻ ഷോർട്ട് ഫിലിം, ഷോർട്ട് ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലെ അവാർഡുകളാണ് ഇത്തരത്തിൽ നൽകപ്പെടുന്നത്. ചടങ്ങിന്റെ വിരസത ഒഴിവാക്കാൻ വേണ്ടി നടപ്പിലാക്കിയ ഈ മാറ്റത്തിനെതിരെ പക്ഷെ ലോകപ്രശസ്ത സംവിധായകരായ സ്റ്റീവൻ സ്പിൽബെർഗ്, ജെയിംസ് കാമറൂൺ അടക്കമുള്ള പ്രമുഖർ രംഗത്ത് വന്നിരുന്നു.

നേരിട്ട് ഒടിടിയിലേക്ക് റിലീസ് ചെയ്ത സിനിമകളെയും ഇതാദ്യമായി ഇത്തവണ ഓസ്കറിനായി പരിഗണിച്ചിട്ടുണ്ട്.

Read More: മോഹൻലാലിനെ കാണാനെത്തിയ ആമിർ ഖാൻ; ചർച്ചയായി സമീർ ഹംസ പങ്കുവെച്ച ചിത്രം

കൊവിഡ് നിയന്ത്രണങ്ങൾ ഇക്കുറിയും ഉണ്ടെങ്കിലും കഴിഞ്ഞ തവണത്തെ അത്രയും കർശനല്ല. അതിഥികൾക്കെല്ലാം വാക്സിനേഷൻ സർട്ടിഫിക്കറ്റും ആർടിപിസിആർ പരിശോധനയും ഇത്തവണയും നിർബന്ധമായും വേണം. എന്നാൽ മാസ്ക് വേണ്ട എന്നാണ് അക്കാദമിയുടെ തീരുമാനം.

Story Highlights: Oscar 2022