മോഹൻലാലിനെ കാണാനെത്തിയ ആമിർ ഖാൻ; ചർച്ചയായി സമീർ ഹംസ പങ്കുവെച്ച ചിത്രം

March 27, 2022

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. മോഹൻലാലിൻറെ സുഹൃത്ത് സമീർ ഹംസയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ചിത്രം വൈറലായതോടെ പുതിയ ചിത്രത്തിന് വേണ്ടിയാകുമോ ഇരുവരും ഒന്നിച്ചതെന്ന തരത്തിലുള്ള വാർത്തകളാണ് ഓൺലൈനിൽ സജീവമാകുന്നത്. ഒപ്പം മോഹൻലാൽ ചിത്രം ബറോസിൽ അതിഥി വേഷത്തിൽ ആമിർ ഖാൻ ഉണ്ടാകുമോ എന്ന താരത്തിലും ചോദ്യങ്ങൾ സോഷ്യൽ ഇടങ്ങളിൽ ഉയരുന്നുണ്ട്.

അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ബറോസ്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് തുടക്കത്തിൽ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടായത് കാരണം പൃഥ്വിരാജിന് ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നിരിക്കുകയാണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

Read also: 42 ആം വയസ്സിൽ മിസ്സിസ് ഇന്ത്യ യൂണിവേഴ്സ് കിരീടം- ശ്വേതയ്ക്കിത് 20 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള സ്വപ്ന സാഫല്യം

അതേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്ന് മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നിധിയുടെ യഥാർത്ഥ അവകാശിയെ കാത്തിരിക്കുന്നതും ഇതന്വേഷിച്ച് ബറോസിന്റെ അടുത്ത് ഒരു കുട്ടി എത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

Story highlights: Aamir khan meets Mohanlal- photo goes viral