കാലവും പ്രണയവും തമ്മിൽ പോരാട്ടം; ‘രാധേ ശ്യാം’ ട്രെയ്‌ലർ

March 2, 2022

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. മാർച്ച് 11 ന് റിലീസ് ചെയ്യുന്നതിന് മുന്നോടിയായി രാധേ ശ്യാമിന്റെ പുതിയ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. റൊമാന്റിക് ചിത്രമായ രാധേ ശ്യാമിൽ പ്രഭാസ് ഒരു മോഡേൺ ജ്യോതിഷിയുടെ വേഷത്തിൽ എത്തുന്നു. ഇറ്റലി, ജോർജിയ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമ ഒരു ദൃശ്യ വിസ്മയം കൂടിയായിരിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

രാധാ കൃഷ്ണ കുമാറിന്റെ സംവിധാനത്തിൽ പ്രഭാസും പൂജ ഹെഗ്ഡെയും അഭിനയിച്ച ചിത്രമാണ് രാധേ ശ്യാം. വിക്രമാദിത്യ എന്ന കൈനോട്ടക്കാരന്റെ കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിൻ ഖേദെക്കർ,ഭാഗ്യശ്രീ, പ്രിയദര്‍ശി, എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രീകരണ സമയത്ത് തന്നെ വാർത്തകളിൽ ഇടംനേടിയ സിനിമയാണ് രാധേ ശ്യാം. തെലങ്കാനയിലുടനീളമുള്ള ആശുപത്രികളിൽ കിടക്കകൾക്ക് വലിയ ക്ഷാമം നേരിട്ടപ്പോൾ സിനിമയുടെ ഷൂട്ടിങ്ങിനു ഉപയോഗിച്ച കിടക്കകൾ ആശുപത്രികളിലേക്ക് എത്തിച്ചിരുന്നു രാധേ ശ്യാം ടീം. ഷൂട്ടിന്റെ ഭാഗമായി കിടക്കകൾ, സ്ട്രെച്ചറുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ സെറ്റ് സ്ഥാപിച്ചിരുന്നു. ഇവയെല്ലാം സർക്കാർ ആശുപത്രികളിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.

Read Also: ഫഹദിന് വീണ്ടുമൊരു തമിഴ് ചിത്രം; ഇനി വരാനിരിക്കുന്നത് മാരി സെൽവരാജ് ചിത്രം

അതേസമയം, പ്രശാന്ത് നീലിന്റെ ‘സലാർ’ എന്ന ചിത്രത്തിൽ ശ്രുതി ഹാസനൊപ്പവും, ഓം റൗത്തിന്റെ ആദിപുരുഷ്, നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ സിനിമകളിലും പ്രഭാസ് വേഷമിടുന്നുണ്ട്. ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി വേഷമിട്ടിരിക്കുന്നത് പൂജ ഹെഗ്ഡെ ആണ്. ബീസ്റ്റിലെ ഗാനമായ അറബിക് കുത്തിലൂടെ പൂജ വീണ്ടും ഹൃദയം കവരുകയാണ്.

Story highlights- radhe shyam second trailer