മലയാളികൾ കാത്തിരുന്ന ദിവസം ഇന്ന്; സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിനിറങ്ങുന്നു
ഒരു പക്ഷെ ഏറ്റവും കൂടുതൽ മലയാളി ആരാധകരുള്ള ഐപിഎൽ ടീം രാജസ്ഥാൻ റോയൽസാവും. കേരളത്തിന് സ്വന്തമായി ഐപിഎൽ ടീമില്ലെങ്കിലും രാജസ്ഥാനെ സ്വന്തം ടീമിനെ പോലെയാണ് മലയാളികൾ കാണുന്നത്. ഇതിന് ഒരേയൊരു കാരണമേയുള്ളു. മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസൺ.കഴിഞ്ഞ കുറെ വർഷങ്ങളായി രാജസ്ഥാൻ റോയൽസിലാണ് സഞ്ജു കളിക്കുന്നത്.
ഇപ്പോൾ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് താരം. അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് മലയാളികൾ രാജസ്ഥാന്റെ ഈ സീസണിലെ ആദ്യ മത്സരത്തിനായി കാത്തിരുന്നത്. ഇന്ന് 7.30 ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഐപിഎൽ ടൂർണമെന്റിന്റെ ചരിത്രത്തിൽ 15 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴ് തവണ രാജസ്ഥാൻ വിജയിച്ചപ്പോൾ എട്ട് തവണയാണ് ഹൈദരാബാദ് വിജയം നേടിയത്. കഴിഞ്ഞ സീസണിൽ പരസ്‍പരം ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ വിജയം വീതം നേടി. പുനെയിലാണ് മത്സരം നടക്കുന്നത്.
മികച്ച ടീമുമായി തന്നെയാണ് സഞ്ജുവിന്റെ രാജസ്ഥാൻ ഈ സീസണിൽ ഇറങ്ങുന്നത്. ഓപ്പണർമാരായി ജോസ് ബട്‌ലറും യശസ്വീ ജയ്സ്വാളും ഇറങ്ങുമ്പോൾ മൂന്നാമതായി മലയാളിയായ ദേവ്ദത്ത് പടിക്കലും നാലാമനായി നായകൻ സഞ്ജുവും ഇറങ്ങും. ലോകോത്തര ബൗളിംഗ് നിരയാണ് രാജസ്ഥാൻ ടീമിന്റെ മറ്റൊരു പ്രത്യേകത. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, ജിമ്മി നീഷം, നേഥൻ കൂൾട്ടർ നൈൽ എന്നിവരടങ്ങുന്ന നിര ഏതൊരു ടീമിന്റെയും പേടിസ്വപ്നമായി മാറുന്ന ബൗളിംഗ് നിരയാണ്.
നേരത്തെ മത്സരത്തെ പറ്റിയുള്ള പ്രതീക്ഷകളെ പറ്റിയും ടീമിന്റെ കോച്ചുമാരെ പറ്റിയും സഞ്ജു സംസാരിച്ചിരുന്നു. പുനെയിലേത് മികച്ച പിച്ചായിരിക്കുമെന്നും അതിനാൽ തന്നെ വലിയ സ്കോറാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് സഞ്ജു പറഞ്ഞത്. ടീം ക്യാമ്പിൽ എല്ലാവരും വലിയ സന്തോഷത്തിലാണെന്നും ഇത്തവണ രാജസ്ഥാന് മികച്ച സ്ക്വാഡാണുള്ളതെന്നും സഞ്ജു കൂട്ടിച്ചേർത്തിരുന്നു. ടീമിന്റെ കോച്ച് കുമാർ സംഗക്കാരയും ബൗളിംഗ് കോച്ച് ലസിത് മലിംഗയും ടീമിലെ താരങ്ങൾക്ക് വലിയ പ്രചോദനമാണെന്നും അവരിൽ നിന്ന് തങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും സഞ്ജു പറഞ്ഞു.
Story Highlights: Rajasthan’s first match in IPL