‘ടീമിലെ യുവതാരങ്ങൾക്ക് പ്രചോദനമാണ് അവർ രണ്ട് പേരും’; രാജസ്ഥാന്റെ കോച്ചിങ് സ്റ്റാഫിനെ പുകഴ്ത്തി സഞ്ജു സാംസൺ

March 28, 2022

ക്രിക്കറ്റ് മാമാങ്കമായ ഐപിഎല്ലിന് തിരി തെളിഞ്ഞതോടെ വലിയ ആവേശത്തിലാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ. ശനിയാഴ്‌ച ചെന്നൈയും കൊൽക്കത്തയും തമ്മിലുള്ള ഉദ്‌ഘാടന മത്സരത്തോടെ ഈ വർഷത്തെ ഐപിഎല്ലിന് തുടക്കം കുറിച്ചിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ കൊൽക്കത്ത ചെന്നൈക്കെതിരെ മികച്ച വിജയം നേടിയിരുന്നു.

മലയാളിയായ സൂപ്പർതാരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം നാളെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്. കെയ്ൻ വില്യംസൺ നയിക്കുന്ന ഹൈദെരാബാദിന് എതിരെയുള്ള മത്സരം വലിയ പ്രതീക്ഷയോടെയാണ് രാജസ്ഥാൻ ടീമും ആരാധകരും നോക്കിക്കാണുന്നത്.

ഇപ്പോൾ മത്സരത്തെ പറ്റിയുള്ള പ്രതീക്ഷകളെ പറ്റിയും ടീമിന്റെ ബൗളിംഗ് കോച്ച് ലസിത് മലിംഗയെ പറ്റിയും വാചാലനായിരിക്കുകയാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ. പുനെയിലേത് മികച്ച പിച്ചായിരിക്കുമെന്നും അതിനാൽ തന്നെ വലിയ സ്കോറാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് സഞ്ജു പറയുന്നത്. ടീം ക്യാമ്പിൽ എല്ലാവരും വലിയ സന്തോഷത്തിലാണെന്നും ഇത്തവണ രാജസ്ഥാന് മികച്ച സ്ക്വാഡാണുള്ളതെന്നും സഞ്ജു കൂട്ടിച്ചേർത്തു.

Read More: ഐപിഎല്ലിലെ അരങ്ങേറ്റക്കാർ ഇന്ന് ഏറ്റുമുട്ടുന്നു; ഗുജറാത്തും ലഖ്‌നൗവും തമ്മിലുള്ള മത്സരം വൈകിട്ട് 7.30 ന്

ടീമിന്റെ കോച്ച് കുമാർ സംഗക്കാരയെ പറ്റിയും ബൗളിംഗ് കോച്ച് ലസിത് മലിംഗയെ പറ്റിയും സഞ്ജു സംസാരിച്ചു. ”മലിംഗയും കുമാര്‍ സംഗക്കാരയും ഇന്ന് ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങളെല്ലാം അവരുടെ കളി കണ്ട് വളര്‍ന്നവരാണ്. ടീമിലെ യുവതാരങ്ങള്‍ക്ക് പ്രചോദനമാണ് ഇരുവരുടേയും സാന്നിധ്യം. അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ലാളിത്യത്തോടെയാണ് അദ്ദേഹം താരങ്ങളോട് പെരുമാറുന്നതും സംസാരിക്കുന്നതും. എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം വ്യക്തതയോടെയുള്ള മറുപടി തരും. മാത്രമല്ല, ഇത്തരം പരിചയസമ്പന്നർ ഉണ്ടാകുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് കാര്യങ്ങള്‍ എളുപ്പമാവും. എതിര്‍ ടീം താരങ്ങളുടെ ദൗര്‍ബല്യങ്ങള്‍ എന്താണെന്ന് കൃത്യമായി പറഞ്ഞുതരാന്‍ അവര്‍ക്ക് സാധിക്കും.” രാജസ്ഥാന്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ സഞ്ജു പറഞ്ഞു.

Story Highlights: Sanju samson about rajasthan coaches