ഐപിഎല്ലിലെ അരങ്ങേറ്റക്കാർ ഇന്ന് ഏറ്റുമുട്ടുന്നു; ഗുജറാത്തും ലഖ്‌നൗവും തമ്മിലുള്ള മത്സരം വൈകിട്ട് 7.30 ന്

March 28, 2022

ക്രിക്കറ്റ് പ്രേമികളുടെ ഉത്സവമായ ഐപിഎല്ലിന് കൊടി കയറിയിട്ട് ഇന്ന് മൂന്ന് നാളാവുകയാണ്. മികച്ച പ്രകടനവുമായി ഓരോ ടീമുകളും ആരാധകരെ ആവേശത്തിലാക്കുമ്പോൾ ഈ സീസണിലെ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഇന്ന് ഏറ്റുമുട്ടുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 നാണ് മത്സരം.

കെ എൽ രാഹുൽ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഹർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും ലക്ഷ്യമിടുന്നത് ഐപിഎല്ലിലെ ആദ്യ ജയം തന്നെയാണ്. കെ എൽ രാഹുലിൽ തന്നെയാണ് ലഖ്‌നൗവിന്റെ പ്രതീക്ഷകൾ. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയ ആവേശ് ഖാനിലാണ് ലഖ്‌നൗവിന്റെ ബൗളിംഗ് പ്രതീക്ഷകൾ. സ്പിന്നര്‍ രവി ബിഷ്‌ണോയിയും കൂടി ചേരുമ്പോൾ മികച്ച ബൗളിംഗ് കാഴ്‌ച വയ്ക്കാൻ കഴിയുമെന്നാണ് ലഖ്‌നൗ പ്രതീക്ഷിക്കുന്നത്. ജേസണ്‍ ഹോള്‍ഡര്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ആദ്യമത്സരത്തിനില്ല.

ഇപ്പുറത്ത് നായകൻ കൂടിയായ ഹർദിക് പാണ്ഡ്യ എന്ന ഓൾ റൗണ്ടറിൽ തന്നെയാണ് ഗുജറാത്തിന്റെ പ്രതീക്ഷകൾ മുഴുവൻ. ശുഭ്മാന്‍ ഗില്ലും റഹ്‌മത്തുള്ള ഗുര്‍ബാസും ടീമിന്റെ ഓപ്പണർമാരാവാനാണ് സാധ്യത കല്പിക്കപ്പെടുന്നത്. വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ എന്നിവരാണ് ടീമിലെ മറ്റ് മികച്ച താരങ്ങൾ.

Read More: ബധിരനായി ജനിച്ചു, പരിമിതികളെ അവസരങ്ങളാക്കി; അറിയാം ഓസ്കർ വേദിയിൽ മികച്ച സഹനടനായ ട്രോയ് കോട്‌സറിനെക്കുറിച്ച്…

15 കോടി രൂപയ്ക്കാണ് ഹർദിക് പാണ്ഡ്യയെ അഹമ്മദാബാദ് ടീമിലെത്തിച്ചത്. ഇതാദ്യമായാണ് ഹാർദിക് ഒരു ഐപിഎൽ ടീമിന്റെ നായകനാവുന്നത്. ഇതോടൊപ്പം അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാനെയും ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയും അഹമ്മദാബാദ് വലിയ തുകയ്ക്ക് ടീമിലെത്തിച്ചിരുന്നു. റാഷിദിനെ 15 കോടിക്കും ഗില്ലിനെ 8 കോടിക്കുമാണ് ടീമിലെത്തിച്ചത്.

മറുവശത്ത് ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിനെ 17 കോടിക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിഫലമാണിത്. രാഹുലിനെക്കൂടാതെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്, സ്പിന്നര്‍ രവി ബിഷ്‌ണോയ് എന്നിവരെയും വലിയ തുകയ്ക്ക് ജയന്റ്‌സ് ടീമിലെത്തിച്ചിരുന്നു.

Story Highlights: IPL gujarat vs lucknow