കാത്തിരിപ്പിന് വിരാമമിട്ട് ആർആർആർ വെള്ളിയാഴ്‌ച എത്തുന്നു; കേരളത്തിൽ ടിക്കറ്റ് റിസർവേഷന് വലിയ വരവേൽപ്പ്

March 23, 2022

ഇന്ത്യയൊട്ടാകെ സിനിമ ആരാധകർ കാത്തിരിക്കുന്ന എസ് എസ് രാജമൗലിയുടെ മാസ്സ് ആക്ഷൻ സിനിമയാണ് ആർആർആർ. ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് കാരണം പല തവണ റീലീസ് മാറ്റി വച്ച ചിത്രം ഒടുവിൽ ഈ വെള്ളിയാഴ്‌ച തിയേറ്ററുകളിലെത്തുകയാണ്.

ചിത്രത്തിന്റെ കേരളത്തിലെ പ്രീ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വലിയ വരവേൽപ്പാണ് റിസർവേഷന് മലയാളി പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടായത്. ചിത്രത്തിന്റെ ആദ്യ ദിനം തിയേറ്ററുകൾ ഇളകിമറിയുമെന്ന സൂചനയാണ് റിസർവേഷൻ നൽകുന്നത്.

ജനുവരി 7 ന് ലോകമെങ്ങും റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് സാഹചര്യം നിയന്ത്രണാതീതമായതിനെ തുടർന്നാണ് റിലീസ് മാറ്റിവച്ചത്. റിലീസിന് ദിവസങ്ങൾക്ക് മുൻപാണ് പ്രദർശനം മാറ്റിവയ്ക്കാനുള്ള നിർമാതാക്കളുടെ തീരുമാനമുണ്ടായത്. ഇന്ത്യയൊട്ടാകെ ചിത്രത്തിന്റെ വലിയ രീതിയിലുള്ള പ്രൊമോഷൻ വർക്കുകൾ നടക്കുന്നതിനിടയിലാണ് റീലീസ് മാറ്റിവയ്ക്കാനുള്ള തീരുമാനം പുറത്തു വന്നത്. യുവതാരം ടോവിനോ തോമസായിരുന്നു ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടിയിലെ മുഖ്യാഥിതി.

Read More: ഒരിക്കൽ വിഷാദരോഗത്തിനടിമ, പിന്നീട് ലോകചാമ്പ്യൻ; ഒടുവിൽ റിട്ടയർമെന്റ്- കായികരംഗത്തെ ഏറ്റവും വലിയ അതിജീവനത്തിന്റെ കഥ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന രണ്ട് സ്വാതന്ത്ര്യസമരസേനാനികളുടെ കഥയാണ് RRR പറയുന്നത്. തെലുങ്ക് സൂപ്പർ താരങ്ങളായ ജൂനിയർ എൻടിആറും രാം ചരണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഡിവിവി എന്റെർറ്റൈൻന്മെറ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

2020 ൽ പുറത്തുവരേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യം വഷളായതിനെ തുടർന്ന് നിരവധി തവണയാണ് റിലീസ് മാറ്റി വച്ചത്.

Story Highlights: RRR releases on friday