“സുന്ദരമായ നിമിഷം, സ്പോർട്സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു”; വൈറലായ ചിത്രമേറ്റെടുത്ത് മാസ്റ്റർ ബ്ലാസ്റ്ററും

March 7, 2022

കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിസ്‌മ മറൂഫിന്റെ കുഞ്ഞിനെ ഇന്ത്യൻ താരങ്ങൾ കളിപ്പിക്കുന്ന വീഡിയോ വൈറലായത്. കുഞ്ഞിനൊപ്പം നിന്ന് ഇന്ത്യയുടെ പ്രമുഖ താരങ്ങൾ സെൽഫിയും എടുത്ത് പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പല പ്രമുഖരും ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിർത്തികൾ ഭേദിക്കുന്ന സൗഹൃദത്തെ പുകഴ്ത്തിയാണ് സച്ചിൻ ചിത്രം പങ്കുവെച്ചത്. കളിക്കളത്തിൽ വാശിയും മത്സരങ്ങളും ഉണ്ടാവുമെങ്കിലും കളത്തിന് പുറത്ത് ക്രിക്കറ്റ് എല്ലാ അതിരുകളെയും ഭേദിക്കുന്നുവെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

“എത്ര സുന്ദരമായ നിമിഷം! ക്രിക്കറ്റ് കളത്തില്‍ ബൗണ്ടറികളുണ്ട്. പക്ഷേ, കളത്തിനു പുറത്ത് എല്ലാ അതിരുകളെയും അതു ഭേദിക്കുന്നു. സ്‌പോര്‍ട്‌സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു.” ചിത്രം പങ്കുവെച്ച് സച്ചിന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യൻ താരം ഹര്‍മന്‍പ്രീത് കൗറാണ് സെല്‍ഫി എടുക്കുന്നത്. ഇന്ത്യൻ വനിതാ ടീമിലെ സൂപ്പർതാരം സ്മൃതി മന്ഥാന അടക്കമുള്ള താരങ്ങളും സെല്‍ഫിയിലുണ്ട്. കുഞ്ഞിനെ കളിപ്പിക്കാനും ഇന്ത്യന്‍ താരങ്ങള്‍ സമയം കണ്ടെത്തി. കുഞ്ഞിന്റെ സാന്നിധ്യം പലപ്പോഴും ടീമംഗങ്ങള്‍ക്ക് പ്രചോദനമാവാറുണ്ടെന്നാണ് മറൂഫ് പറയുന്നത്. ”ടീമിനൊപ്പം ഒരു കുഞ്ഞിന്റെ സാന്നിധ്യമുള്ളത് ടീമംഗങ്ങള്‍ക്ക് നല്‍കുന്ന ഊര്‍ജവും ചെറുതല്ല. എല്ലാവരെയും ശാന്തരാക്കാന്‍ കുഞ്ഞിന്റെ സാന്നിധ്യം ഉപകരിക്കും. ഒരു കാര്യത്തില്‍ മാത്രം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സമ്മര്‍ദ്ദം കൂടും. ഒരു കുഞ്ഞ് അടുത്തുണ്ടെങ്കിൽ ആവശ്യമില്ലാത്ത ചിന്തകളെല്ലാം അകന്നുപോകും.” ബിസ്‌മ മറൂഫ് പറഞ്ഞു.

Read More: യുദ്ധഭീതിക്കിടയിൽ അഭയാർത്ഥി ക്യാമ്പിൽ ഏഴുവയസുകാരിക്കായി ഒരുങ്ങിയ ജന്മദിനാഘോഷം- ഹൃദ്യം ഈ വിഡിയോ

വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പാകിസ്ഥാനെതിരെ 245 റണ്‍സാണ് കണ്ടെത്തിയത്. സ്മൃതി മന്ഥാന, സ്‌നേഹ് റാണ, പൂജ വസ്ത്രകര്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. സ്‌കോര്‍ പിന്തുടര്‍ന്ന പാക് വനിതകള്‍ 43 ഓവറില്‍ 137 റണ്‍സിന് എല്ലാവരും പുറത്തായി.

Story Highlights: Sachin shares viral picture