സഹൽ കളിച്ചേക്കില്ല; ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം സഹൽ അബ്ദുൽ സമദിന് ഫൈനൽ നഷ്ടമാവാൻ സാധ്യത
കേരള ബ്ലാസ്റ്റേഴ്സിന്റെ ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിരയിലാഴ്ത്തിയാണ് ടീം ഐഎസ്എൽ ഫൈനലിലേക്ക് പ്രവേശം നേടിയത്. ഗോവയിൽ നടന്ന രണ്ടാം പാദ മത്സരം സമനിലയിലായെങ്കിലും ആദ്യ മത്സരത്തിലെ വിജയത്തിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഹൈദരാബാദ് എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഫൈനലിൽ നേരിടുന്നത്.
രണ്ടാം പാദ സെമിഫൈനലിൽ ഗംഭീര പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയതെങ്കിലും ആദ്യ പാദ സെമിയിലെ താരം സഹലിന്റെ അസാന്നിധ്യം ആരാധകർക്ക് വലിയ നിരാശയുണ്ടാക്കിയിരുന്നു. സഹലിന്റെ ഗോളാണ് ആദ്യ സെമിഫൈനൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. പരിക്കിന്റെ പിടിയിൽ ആയതോടെയാണ് സഹലിന് കളിക്കാൻ കഴിയാതെ വന്നത്. സഹലിന് ഫൈനലും നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു മഞ്ഞപ്പടയുടെ ആരാധകർ.
എന്നാലിപ്പോൾ ആരാധകർക്ക് വലിയ നിരാശ പകരുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. സഹൽ ഫൈനലിൽ കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. പരിക്കിന്റെ പിടിയിൽ നിന്നും പൂർണമായും മുക്തനാവാൻ സഹലിന് കഴിഞ്ഞിട്ടില്ല എന്നാണ് ടീമിന്റെ ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
Read More: ഇനിയുള്ള ആറാട്ട് ഒടിടിയിൽ; ‘ആറാട്ട്’ ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചു
നേരത്തെ സഹൽ ഫൈനലിന് കളിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞിരുന്നു. സഹല്‍ ഫൈനൽ കളിക്കാൻ പൂര്‍ണ ഫിറ്റാണെന്നും വുകോമാനോവിച്ച് പറഞ്ഞിരുന്നു. പരിക്ക് മാറി 100 ശതമാനം ഫിറ്റായാല്‍ മാത്രമേ സഹലിനെ കളിപ്പിക്കൂവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം സൂചിപ്പിച്ചിരുന്നു. സഹല്‍ ഇന്ത്യക്ക് വേണ്ടി കൂടി കളിക്കേണ്ട താരമാണ്, അതുകൊണ്ട് റിസ്ക്കെടുക്കാന് തയ്യാറല്ലെന്നായിരുന്നു കോച്ചിന്റെ പക്ഷം. സഹലിന്റെ പരിക്ക് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സഹല്‍ കളിക്കില്ലെന്ന സൂചന അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദും നല്‍കിയിരുന്നു. ഇതിനിടയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസവും ആവേശവും പകർന്ന് സഹൽ ഫൈനലിന് കളിക്കുമെന്ന വാർത്ത കോച്ച് ഇവാൻ തന്നെ പുറത്തു വിട്ടത്. അതിന് ശേഷം ഇപ്പോൾ വീണ്ടും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
ഇന്ന് 7.30 ക്ക് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടുന്നത്.
Story Highlights: Sahal will miss isl final