പുതിയ ലുക്കിൽ സിജു വിൽസൺ; ശ്രദ്ധനേടി ‘വരയന്റെ’ വിശേഷങ്ങൾ

March 25, 2022

സിജു വിൽസൺ നായകനായി അണിയറയിൽ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വരയൻ. പോസ്റ്റർ പങ്കുവെച്ചതുമുതൽ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് വരയൻ. നിഗൂഡതകള്‍ നിറച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. വൈദികനും, കൊന്തയും, കത്തിയും ചേരയുമെല്ലാം ഉണ്ട് പോസ്റ്ററില്‍. ‘വരയന്‍’ എന്ന ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയുടെ വിശേഷങ്ങൾക്കൊപ്പം ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏദനിൽ മധു നിറയും എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്തൂട്ടിയാണ്.

‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍. മെയ് ഇരുപതിനാണ് ചിത്രം റിലീസ് ചെയ്യുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്.

‘വരയന്‍’ എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്നുണ്ട് ചിത്രം. അതേസമയം ‘വരയന്‍’ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്നും സ്ഥീരികരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചിത്രത്തില്‍ സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവര്‍ക്കൊപ്പം മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങി തിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

Read also: ഇത് സുധിയുടെ ആ പഴയ സ്‌പ്ലെൻഡർ ബൈക്ക്; ഇഷ്ടവാഹനം 25 വർഷങ്ങൾക്ക് ശേഷം സ്വന്തമാക്കി ചാക്കോച്ചൻ

ഉപചാരപൂർവം ഗുണ്ടാ ജയനാണ് സിജുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന് മികച്ച കൈയടി ലഭിച്ചിരുന്നു. മാരീചൻ,  പത്തൊമ്പതാം നൂറ്റാണ്ട്, ഇന്ന് മുതൽ, എകാ തുടങ്ങി നിരവധി ചിത്രങ്ങളാണ് സിജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Story highlights: Siju Wilson Starring Varayan