‘ആരാധകരെ നിരാശരാക്കുന്ന ഷോട്ട് അയാൾ കളിക്കില്ല, ഈ സീസണിലും റൺസ് അടിച്ചു കൂട്ടണം’; യുവതാരത്തെ പുകഴ്ത്തി സുനിൽ ഗവാസ്‌ക്കർ

March 26, 2022

ഇന്ന് ചെന്നൈയും കൊൽക്കത്തയും തമ്മിലുള്ള ഉദ്‌ഘാടന മത്സരത്തോടെ ഈ വർഷത്തെ ഐപിഎല്ലിന് തുടക്കം കുറിക്കുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം അരങ്ങേറുന്നത്. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണായി വലിയ ആവേശത്തോടെയാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത്.

കിരീടം നിലനിർത്താൻ ഇറങ്ങുന്ന ചെന്നൈ ടീമിലെ പ്രമുഖ താരമാണ് ഋതുരാജ് ഗെയ്‌ക്‌വാദ്. ഐപിഎല്‍ പതിനാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം നേടാന്‍ കാരണക്കാരനായ താരങ്ങളിലൊരാള്‍ കൂടിയാണ് ഋതുരാജ് ഗെയ്‌ക്‌വാദ്. 16 മത്സരങ്ങളില്‍ നിന്ന് 635 റണ്‍സാണ് ചെന്നൈയുടെ ഓപ്പണര്‍ കൂടിയായ താരം അടിച്ചുകൂട്ടിയത്. ഇതോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഋതുരാജ് കഴിഞ്ഞ സീസണിലെ എമര്‍ജിംഗ് പ്ലേയര്‍ ഓഫ് ദ് സീസണ്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ ഋതുരാജിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഇതിഹാസ താരമായ സുനിൽ ഗവാസ്‌ക്കർ. വളരെ കുറച്ച് മാത്രമേ താരത്തിന് മെച്ചപ്പെടാനുള്ളൂ എന്നാണ് ഗവാസ്‌ക്കർ പറയുന്നത്. മികച്ച ഫോമിൽ തുടരുന്ന ഋതുരാജ് ആരാധകരെ ആവേശത്തിലാക്കുന്ന ഷോട്ടുകൾ കളിക്കുന്ന താരം കൂടിയാണെന്നും ഗവാസ്‌ക്കർ കൂട്ടിച്ചേർത്തു.

ഈ സീസണിലും ഋതുരാജ് ഗെയ്‌ക്‌വാദ് റൺസ് അടിച്ചുകൂട്ടുമെന്നും സുനിൽ ഗവാസ്‌ക്കർ പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ബാറ്റിംഗ് വളരെ കുറച്ച് മാത്രം സാങ്കേതികമായി മെച്ചപ്പെടുത്താനുള്ള താരങ്ങളില്‍ ഒരാളാണ് ഋതുരാജ് ഗെയ്‌ക്‌വാദ്. അദ്ദേഹത്തിന്‍റെ പുരോഗതി പരിഗണിക്കുമ്പോള്‍ പെട്ടെന്ന് മാറ്റം വരുത്തേണ്ട കാര്യങ്ങളൊന്നുമില്ല. എല്ലാത്തരം ഷോട്ടുകളും അദ്ദേഹം കളിക്കുന്നു. ഋതുരാജിൻറെ ഷോട്ട് സെലക്ഷനാണ് ഏറ്റവും ശ്രദ്ധേയം. ആരാധകരെ നിരാശരാക്കുന്ന ഷോട്ടുകള്‍ ഋതുരാജ് ഗെയ്‌ക്‌വാദ് കളിക്കുന്നില്ല. കഴിഞ്ഞ സീസണിലെ പോലെ ഋതുരാജ് റണ്‍സടിച്ചുകൂട്ടണം’ സ്റ്റാര്‍ സ്‌പോര്‍ട്‌സിൽ സുനിൽ ഗവാസ്‌ക്കർ പറഞ്ഞു.

Read More: ബോക്‌സോഫീസിൽ തരംഗമായി ആർആർആർ; ആദ്യ ദിനം തന്നെ 250 കോടി കടന്ന് രാജമൗലി ചിത്രം

മെഗാതാരലേലത്തിന് മുമ്പ് ആറ് കോടി രൂപ മുടക്കിയാണ് ഋതുരാജ് ഗെയ്‌ക്‌വാദിനെ സിഎസ്‌കെ നിലനിര്‍ത്തിയത്.

Story Highlights: Sunil Gavaskar about Ruturaj Gaikwad