‘ആർആർആർ’: ‘ഇതൊരു ഇതിഹാസത്തിൽ കുറയില്ലെന്ന് ഉറപ്പാണ്’- ആശംസയുമായി ടൊവിനോ തോമസ്

March 25, 2022

നീണ്ട കാത്തിരിപ്പിനൊടുവിൽ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ‘ആർആർആർ’ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സൂപ്പർതാരങ്ങളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ അല്ലൂരി സീതാരാമ രാജു, കോമര ഭീം എന്നീ വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം ലോകമെമ്പാടും ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ടീമിന് മുഴുവൻ ആശംസകൾ നേർന്ന് നടൻ ടൊവിനോ തോമസ് രംഗത്ത് എത്തിയിരിക്കുകയാണ്.

കേരളത്തിൽ ടൊവിനോ തോമസും ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിരുന്നു.കൂടാതെ താരം എസ്എസ് രാജമൗലി, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്കൊപ്പം ഒരു ചിത്രം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ചിത്രം ഒരു ഇതിഹാസമായിരിക്കുമെന്നും നടൻ കുറിക്കുന്നു. ‘ഏറെ കാത്തിരിക്കുന്ന ‘ROAR’ ഇതായെത്തി. ഇതൊരു ഇതിഹാസത്തിൽ കുറയില്ലെന്ന് ഉറപ്പാണ്..രാജമൗലി സാറിനും എന്റെ സഹോദരന്മാരായ ജൂനിയർ എൻടിആറിനും രാം ചരണും ആശംസകൾ.’- ടൊവിനോ തോമസ് കുറിക്കുന്നു.

രണ്ട് വിപ്ലവകാരികളുടെ സാങ്കൽപ്പിക കഥയാണ് ‘ആർആർആർ’ പറയുന്നത്. ‘ആർആർആർ’ ന്റെ പൂർണ്ണരൂപം ‘രൗദ്രം രണം രുധിരം’ എന്നാണ്. ബോളിവുഡ് താരം ആലിയ ഭട്ടും ഹോളിവുഡ് നടി ഒലീവിയ മോറിസുമാണ് ‘ആർആർആർ’ എന്ന ചിത്രത്തിൽ നായികമാരായി എത്തുന്നത്. അജയ് ദേവ്ഗണും അതിഥിയായി എത്തുന്നു. അഭിനേതാക്കളായ സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ എന്നിവർ മറ്റു വേഷങ്ങളിൽ എത്തുന്നു.

Read Also: തകർത്താടി രാം ചരണും ജൂനിയർ എൻടിആറും; ആർആർആർ തിയേറ്ററുകളിൽ- റിവ്യൂ

ആഗോളതലത്തിൽ മികച്ച തുടക്കം ലഭിച്ച ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്നു.ചിത്രത്തിന്റെ പ്രാരംഭ റിവ്യൂ അനുസരിച്ച് പ്രതീക്ഷിച്ചത്ര ഗംഭീരമാണെന്ന് സൂചിപ്പിക്കുന്നുണ്ട്. എസ്എസ് രാജമൗലിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാണികൾ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

Story highlights- Tovino Thomas about ‘RRR’