അതിഗംഭീരമായി ടെന്നീസ് കളിക്കുന്ന നായ- കൗതുകമായൊരു കാഴ്ച

April 21, 2022

വളർത്തുമൃഗങ്ങളോട് ആത്മബന്ധം പുലർത്തുന്ന ആളുകൾ എപ്പോഴും അവയ്ക്കായി വളരെയധികം സമയം ചിലവഴിക്കാറുണ്ട്. ഒരു സാധാരണ നായ എന്നതിലുപരി പ്രത്യേകം അവയെ പലതും പരിശീലിപ്പിക്കുകയും കഴിവുകൾ വളർത്തിയെടുക്കുകയും ചെയ്യും ഉടമകൾ. ഇപ്പോഴിതാ, അത്തരത്തിൽ മികച്ച പരിശീലനം ലഭിച്ച ഒരു മിടുക്കൻ നായയാണ് സമൂഹമാധ്യമങ്ങളിലെ താരം. 3 വയസ്സുള്ള കോക്കർ സ്പാനിയൽ നായ ഉടമയ്‌ക്കൊപ്പം ടെന്നീസ് കളിക്കുന്ന കാഴ്ചയാണ് കൗതുകം സൃഷ്ടിക്കുന്നത്.

നായ ടെന്നീസ് റാക്കറ്റ് വായിൽ കടിച്ചു പിടിച്ചിരിക്കുന്നത് കാണാം. ഒരിക്കലും പന്ത് തട്ടുന്നത് നഷ്ടമാക്കാതെ വളരെ സജീവമായി തന്നെ ബുദ്ധിപൂർവ്വം കളിക്കുകയാണ് ഈ നായ. ബ്യൂട്ടിൻഗെബീഡന്റെ ട്വിറ്റർ ഹാൻഡിലിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കോക്കർ സ്പാനിയൽ ഇനത്തിൽ പെട്ട എമിലി എന്ന പേരിലുള്ള നായയാണ് വിഡിയോയിൽ ഉള്ളത്. എമിലിയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ ആദ്യം പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിലും ഇൻസ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ആളുകൾ വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു.

വിഡിയോയിൽ വളരെ കഴിവുറ്റ ടെന്നീസ് താരത്തെപോലെയാണ് നായയുടെ പ്രകടനം. ഉടമ എമിലിക്ക് നേരെ പന്തെറിയുമ്പോൾ റാക്കറ്റ് ഉപയോഗിച്ച് അത് അടിക്കാൻ ചാടുന്ന കാഴ്ച രസകരമാണ്. ബോളിന്റെ നീക്കം കൃത്യമായി നിരീക്ഷിച്ചാണ് എമിലി ചാടുന്നത്. രസകരമായ കമന്റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്.

Read Also: കോടികൾ വാഗ്ദാനം ചെയ്തിട്ടും പരസ്യചിത്രത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ- കൈയടിച്ച് ആരാധകർ

വൈകാരികമായ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവയാണ് വളർത്തുമൃഗങ്ങൾ. പ്രത്യേകിച്ച് നായകൾ. വീട്ടിൽ ഒരു വളർത്തുനായ ഉണ്ടെങ്കിൽ അവയുടെ സ്നേഹവും നന്ദിയും നേരിട്ടറിഞ്ഞവരാകും അധികവും. ഒരു നേരത്തെ ആഹാരം മാത്രം മതി അവ ജീവിതകാലം മുഴുവൻ നിങ്ങളോട് നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നതിന്. ഇങ്ങനെ സ്നേഹം നിറഞ്ഞ വളർത്തുമൃഗങ്ങളുടെയും ബുദ്ധിപരമായ നീക്കങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടവയുടെയും വിഡിയോകൾ എപ്പോഴും വൈറലായി മാറാറുണ്ട്.

Story highlights- Dog plays tennis