വജ്രശേഖരം തേടി ആളുകൾ തിങ്ങിപാർത്തിരുന്ന സമ്പന്ന നഗരത്തെ മരുഭൂമി വിഴുങ്ങിയപ്പോൾ- കോൾമാൻസ്കോപ്പിന്റെ വിചിത്ര കഥ

April 25, 2022

ഒരുകാലത്ത് ആളുകളും ആരവവും നിറഞ്ഞ ഇടങ്ങൾ ഉപേക്ഷിക്കപ്പെട്ട് നാശമായ നിലയിലേക്ക് എത്തുന്നത് അപൂർവ്വ സംഭവമല്ല. ഇങ്ങനെ ഒറ്റപ്പെട്ടുപോയ സ്ഥലങ്ങൾക്ക് ഭൂതകാലത്തിന്റെ ഒരു വിചിത്രമായ കഥ പറയാനുണ്ടാകും. ഈ സ്ഥലങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നത് അവിടുത്തെ കാഴ്ചകൾ കൊണ്ടല്ല, അവിടെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിൽ നിന്നാണ്. എന്തിനാണ് ആളുകൾ ഇവിടെ നിന്നും പോയത് എന്ന ആകാംക്ഷ എല്ലാവരിലും ഈ സ്ഥലങ്ങൾ നിറയ്ക്കും. കോൾമാൻസ്കോപ്പിന്റെ കാര്യത്തിലും എല്ലാവർക്കും ഈ ആകാംക്ഷയുണ്ട്.

തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നമീബിയയിലെ നമീബ് മരുഭൂമിയിൽ ആണ് ഈ സ്ഥലം. 1900-കളുടെ തുടക്കത്തിൽ നമീബിയ ‘ജർമ്മൻ സൗത്ത് വെസ്റ്റ് ആഫ്രിക്ക’ എന്ന് വിളിക്കപ്പെടുന്ന ഒരു കോളനിയായിരുന്നു. കൂടാതെ നൂറ്റാണ്ടുകളായി ഇവിടെ താമസിച്ചിരുന്ന കുടിയേറ്റക്കാരും പ്രാദേശിക ഗോത്രങ്ങളും അടങ്ങുന്ന ഒരു അഭിവൃദ്ധി പ്രാപിച്ച ജർമ്മൻ സ്വാധീനമുള്ള നഗരമായിരുന്നു സമീപ പ്രദേശമായ ലുഡെറിറ്റ്സ്. തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നമീബിയയിലെ നമീബ് മരുഭൂമിയിലാണ് ഈ സ്ഥലം. ലുഡെറിറ്റ്‌സിൽ നിന്ന് 7 മൈൽ മാറി റെയിൽവേയ്‌ക്ക് സമീപം ഒരു അമ്പരപ്പിക്കുന്ന കണ്ടെത്തലിന് ശേഷമാണ് കോൾമാൻസ്‌കോപ്പ് എന്ന നഗരം അവിടെ പിറന്നത്. അതെ, ഇന്ന് ഉപേക്ഷിക്കപ്പെട്ട കോൾമാൻസ്‌കോപ്പിന് പറയാനുള്ളത് വജ്രത്തിന്റെ തിളക്കമുള്ള കഥകളാണ്..

1908-ൽ സക്കറിയാസ് ലെവാല എന്ന റെയിൽവേ ജീവനക്കാരൻ ട്രാക്കുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടെ കുറച്ച് വജ്രങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയതോടെയാണ് കോൾമാൻസ്കോപ്പിന്റെ ജൈത്രയാത്ര ആരംഭിച്ചത്. ജർമ്മൻ കോളനിക്കാർ ഈ കണ്ടെത്തലിനെക്കുറിച്ച് അറിഞ്ഞതോടെ ഇവിടേക്ക് എത്തി. പിന്നീട് ഒരു ചെറിയ ഖനന നഗരം റെയിൽവേയ്ക്ക് സമീപം അതിവേഗം വികസിക്കുകയും വളരുകയും ചെയ്തു.

വജ്രശോഭയിൽ കോൾമാൻസ്കോപ്പ് വളർന്നു. ചെറുതായിരുന്നില്ല ഈ വളർച്ച. ഇവിടേക്ക് ആളുകൾ കൂട്ടമായി എത്തിത്തുടങ്ങി. ജനസംഖ്യ കുതിച്ചുയർന്നു. ആളുകൾ തിങ്ങിപാർക്കാൻ തുടങ്ങി. 1912 ആയപ്പോഴേക്കും, ഇവിടം പ്രതിവർഷം ഏകദേശം ഒരു മില്ല്യൺ കാരറ്റ് വജ്രങ്ങൾ ഉത്പാദിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി. ഇത് ലോക വജ്ര വിപണിയുടെ ഏകദേശം 12 ശതമാനമായിരുന്നു എന്നതാണ് ശ്രദ്ധേയം. മരുഭൂമിക്ക് നടുവിൽ ഒരു നാഗരികത ഉയർന്നു. ജർമ്മൻ ശൈലിയിലുള്ള വലുതും ആഡംബരപൂർണ്ണവുമായ കെട്ടിടങ്ങൾ ഇവിടെ തലയെടുപ്പോടെ ഉയർന്നു. 1914-ൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് വരെ ഇവിടെ കാര്യങ്ങളെല്ലാം വളരെ വേഗത്തിലും പ്രതീക്ഷയോടെയും മുന്നോട്ട് പോകുകയായിരുന്നു.

Read Also: അന്ന് മഞ്ജുവിനൊപ്പം ജൂനിയർ ആർട്ടിസ്റ്റായി, ഇന്ന് നായകനായും- മനസ് തുറന്ന് ജയസൂര്യ

1915-ൽ യൂറോപ്പിൽ ഒന്നാം ലോകമഹായുദ്ധം രൂക്ഷമായപ്പോൾ ദക്ഷിണാഫ്രിക്കൻ സൈന്യം കോളനിയെ പ്രതിരോധിക്കുന്ന ജർമ്മൻ സൈന്യത്തിന് നേരെ ആക്രമണം ആരംഭിച്ചു.ഒടുവിൽ കോളനി കീഴടങ്ങി. 1919-ൽ, പുതുതായി സൃഷ്ടിച്ച ലീഗ് ഓഫ് നേഷൻസ് സൗത്ത് വെസ്റ്റ് ആഫ്രിക്കയെ ദക്ഷിണാഫ്രിക്കയുടെ പരിധിയിലേക്ക് എത്തിച്ചു. കോൾമാൻസ്‌കോപ്പ് പട്ടണത്തിന്റെ പ്രഭ മങ്ങി. പതിറ്റാണ്ടുകൾ നീണ്ട ഖനനത്തിനൊടുവിൽ ഇവിടം ഉണങ്ങിത്തുടങ്ങി. പിന്നീട്, ദക്ഷിണാഫ്രിക്കയിലെ വജ്രങ്ങളുടെ കണ്ടെത്തലുകൾ ഈ നഗരത്തിന്റെ തകർച്ചയ്ക്ക് കാരണമായി. പ്രോസ്പെക്ടർമാരും ഖനന കമ്പനികളും നഗരത്തിൽ നിന്നും പിന്മാറി.

1956-ൽ കോൾമാൻസ്‌കോപ്പ് പട്ടണം ഔദ്യോഗികമായി ഉപേക്ഷിക്കപ്പെട്ടു. വർഷങ്ങൾ കടന്നുപോയതോടെ ഈ നഗരത്തെ മരുഭൂമി വിഴുങ്ങി. ഒരിക്കൽ അഭിവൃദ്ധിയുടെ കൊടുമുടിയിൽ നിന്ന കോൾമാൻസ്‌കോപ്പ് ഇന്ന് ഉപേക്ഷിക്കപ്പെട്ട പ്രേത നഗരങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്.

Story highlights- history of Kolmanskop