ജയസൂര്യ- നാദിർഷ കൂട്ടുകെട്ടിൽ ഒരു ത്രില്ലർ ചിത്രം; ‘ഈശോ’യെ അവതരിപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

April 3, 2022

മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. നാദിർഷയുടെ സാധാരണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കോമഡിയ്ക്ക് പകരം ത്രില്ലർ സ്വഭാവമുള്ള ചിത്രമായി ഒരുങ്ങുന്ന ഈശോയുടെ ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏറെ പ്രത്യേകതകളുമായി എത്തുന്ന ടീസർ മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുറത്തിറക്കിയത്.

നമിത പ്രമോദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജാഫർ ഇടുക്കിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബൈ എന്നിവിടങ്ങളിലായിയിരുന്നു ചിത്രീകരണം. പ്രദർശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത് സുനീഷ് വാരനാടാണ്. നാദിർഷ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും. ബ്രിന്ദ മാസ്റ്റർ നൃത്തസംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് ഈശോയുടെ നിര്‍മ്മാണം.

Read also: മണിക്കൂറുകൾക്കുള്ളിൽ 20 മില്യണടിച്ച് ബീസ്റ്റ് ട്രെയ്‌ലർ; മാസും ആക്ഷനും നിറച്ച് വിജയ് ചിത്രം

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ- ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഈശോയ്ക്കുണ്ട്. എന്നാൽ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങളും ഉയർന്നിരുന്നു. അതേസമയം ചിത്രത്തിന്റെ ടാഗ്‌ലൈനായി ‘ബൈബിളിൽ നിന്നല്ല’ എന്ന് നൽകിയിട്ടുണ്ട്.

വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് ജയസൂര്യ. ജയസൂര്യ- മഞ്ജു വാര്യർ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോ, കുഞ്ചാക്കോ ബോബൻ- ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എന്താടാ സജി’, റൈറ്റർ, ജോൺ ലൂഥർ, കത്തനാർ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights: Jayasurya Eesho Official Teaser