ഇത് നമ്മളിൽ ഒരാളുടെ കഥ; ഹൃദയംതൊട്ട് അവിയൽ വിഡിയോ

April 6, 2022

പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകർ കാത്തിരിക്കുന്ന ജോജു ജോർജ് ചിത്രമാണ് അവിയൽ. ചിത്രത്തിന്റെതായി പുറത്തുവന്ന ട്രെയ്‌ലറും ടീസറും പാട്ടുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രോമോ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിറയെ സസ്പെൻസുകൾ നിറച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് ഉറപ്പുനൽകുന്നതാണ് ഇതുവരെ പുറത്തുവന്ന വിഡിയോകളെല്ലാം.

നവാഗതനായ ഷാനിൽ സംവിധാനം ചെയ്യുന്ന ചിത്രം പോക്കറ്റ് എസ്ക്വയർ പ്രൊഡക്ഷൻസിൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. സംവിധായകൻ തന്നെ തിരക്കഥയും പൂർത്തിയാക്കിയ ചിത്രത്തിൽ ജോജുവിന് പുറമെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാനിൽ മുഹമ്മദാണ്. അനശ്വര രാജൻ, അഞ്ജലി നായർ, ആത്മീയ, കേതകി നാരായണൻ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ  ഡേവിസ്, വിഷ്ണു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അതേസമയം നിറയെ സസ്പെൻസ് നിറച്ചാണ് ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടത്. ചിത്രത്തെക്കുറിച്ച് ഒരു സൂചനയും നൽകാത്ത രീതിയിലാണ് ആദ്യ ടീസർ ഒരുക്കിയത്. എന്നാൽ പ്രണയവും വിരഹവും കുടുംബബന്ധവുമടക്കം ചിത്രത്തിൽ ഡിക്സസ് ചെയ്യുന്നുണ്ട് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് സിനിമ പോകുന്നത്. കണ്ണൂർ സ്വദേശിയായ കൃഷ്ണന്റെ   ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയുള്ള മുഴുവൻ സിനിമ സഞ്ചരിക്കുന്നുണ്ട്. നായകന്റെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാൽ നായകന്റെ ശാരീരിക വ്യതിയാനങ്ങൾക്കായി രണ്ട് വർഷത്തോളം സമയമെടുത്താണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.

Read also: ഇവിടെ പുസ്തകങ്ങൾക്ക് കാവലായി വവ്വാലുകൾ; ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറിയുടെ പ്രത്യേകതകൾ…

അതേസമയം അച്ഛൻ -മകൾ വേഷത്തിൽ ജോജു ജോർജും അനശ്വര രാജനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ജോസഫ് എന്ന ചിത്രത്തിൽ ജോജുവിന്റെ നായികയായ എത്തിയ ആത്മീയ രാജനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏറെ പ്രത്യേകതകളുമായി എത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഏപ്രിൽ ഏഴ് മുതലാണ് സിനിമ റിലീസ് ചെയ്യുന്നത്. തിയേറ്റർ റിലീസ് ആയാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്.

Story highlights: Joju George starring Aviyal- Promo