‘കൈതി’യുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു; ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ട് നായകൻ അജയ് ദേവ്ഗൺ

April 20, 2022

അപ്രതീക്ഷിതമായി വമ്പൻ ഹിറ്റായി മാറിയ തമിഴ് ചിത്രമാണ് ലോകേഷ് കനകരാജിന്റെ ‘കൈതി.’ തമിഴ് സൂപ്പർതാരം കാർത്തി നായകനായി അഭിനയിച്ച ചിത്രം 2019 ൽ തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമാണ്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം കാർത്തിയുടെയും കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ്.

ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നുവെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. അജയ് ദേവ്ഗണാണ് ഹിന്ദി റീമേക്കിൽ കാർത്തിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണോടൊപ്പം ഹിന്ദി നടി തബുവും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

അതോടൊപ്പം തന്നെ ചിത്രത്തിന്റെ റിലീസ് തീയതിയും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അജയ് ദേവ്ഗൺ തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് തീയതി പുറത്തു വിട്ടത്. 2023 മാർച്ച് 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അജയ് ദേവ്ഗൺ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

‘ഭോലാ’ എന്നാണ് കൈതിയുടെ ഹിന്ദി റീമേക്കിന് ഇട്ടിരിക്കുന്ന പേര്. ‘സൂപ്പർഹിറ്റ് തമിഴ് ചിത്രം കൈതിയുടെ റീമേക്കായ ഞാനും തബുവും അഭിനയിക്കുന്ന ഭോലാ 2023 മാർച്ച് 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ധർമേന്ദ്ര ശർമയാണ് ഈ ആക്ഷൻ ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത്’ അജയ് ദേവ്ഗൺ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

Read More: തനി തമിഴ് ‘മാപ്പിള’യായി ചെന്നൈ സൂപ്പർ കിങ്‌സ് താരം കോൺവേ; പ്രീ വെഡ്ഡിങ് പാർട്ടിയിൽ തമിഴ് സ്റ്റൈലിൽ ‘തല’ ധോണിയും

കൈതിയുടെ നിർമ്മാതാവ് എസ് ആർ പ്രഭു തന്നെയാണ് ചിത്രം ഹിന്ദിയിലും നിർമിക്കുന്നത്. ‘വിജയ് ചിത്രമായ ‘മാസ്റ്റർ’ സംവിധാനം ചെയ്‌ത ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ‘കൈതി.’ ലോകേഷിന്റെ ആദ്യ ചിത്രമായ ‘മാനഗരം’ തമിഴിൽ വലിയ ഹിറ്റായി മാറിയിരുന്നു.

Story Highlights: Kaithi hindi remake updates