മലയാളത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് ഇനി കെജിഎഫ് 2 വിന്റെ പേരിൽ; മറികടന്നത് ‘ഒടിയന്റെ’ റെക്കോർഡ്

April 15, 2022

ഇൻഡ്യയൊട്ടാകെയുള്ള തിയേറ്ററുകളെ ഇളക്കിമറിച്ചാണ് കന്നഡ ചിത്രം ‘കെജിഎഫ് 2’ പ്രദർശനം തുടരുന്നത്. പല ബോക്‌സ്ഓഫീസ് റെക്കോർഡുകളും ചിത്രം ആദ്യ ദിനം തന്നെ തകർത്തിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകൾ അതാത് ഇന്ടസ്ട്രികളിൽ മികച്ച കളക്ഷനാണ് ആദ്യ ദിനം നേടിയത്.

ഇപ്പോൾ മലയാളത്തിൽ കെജിഎഫ് 2 നേടിയ ബോക്‌സ് ഓഫീസ് റെക്കോർഡാണ് ചർച്ചാവിഷയമാവുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ആദ്യ ദിന കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. മോഹൻലാൽ നായകനായ ശ്രീകുമാർ മേനോൻ ചിത്രം ‘ഒടിയന്റെ’ ആദ്യ ദിന കളക്ഷനാണ് കെജിഎഫ് 2 മറികടന്നത്. ആദ്യ ദിന കളക്ഷന്റെ കാര്യത്തിൽ വർഷങ്ങളായി ‘ഒടിയൻ’ കൈവശം വച്ചിരുന്ന റെക്കോർഡാണ് ‘കെജിഎഫ് 2’ ഇന്നലെ മറികടന്നത്.

കെജിഎഫ് 2 കേരളത്തില്‍ നിന്ന് ആദ്യദിനം 7 കോടിക്കു മുകളില്‍ നേടി എന്നാണ് കണക്കുകള്‍. മുന്‍പ് ഒടിയന്‍ മാത്രമാണ് 7 കോടിക്ക് മുകളില്‍ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയിട്ടുള്ളത്. 7.3 കോടിയാണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. ഒടിയന്‍റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു.

Read More: ഇത് വിഷു സ്റ്റൈൽ അറബിക് കുത്ത്- വിഡിയോ പങ്കുവെച്ച് അനുപമ പരമേശ്വരൻ

ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും മൊഴി മാറ്റി റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം എല്ലാ സിനിമ ഇന്ഡസ്ട്രികളിലും വലിയ വിജയമായി മാറിയിരുന്നു. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കഴിഞ്ഞ കുറച്ചു നാളുകളായി കാത്തിരുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയതെന്നാണ് സിനിമ പ്രേമികളും നിരൂപകരും പറയുന്നത്.

Story Highlights: Kgf 2 has the highest first day collection in kerala