ക്യാൻസർ ബാധിച്ചപ്പോൾ സ്വന്തം കുടുംബം പോലും ഉപേക്ഷിച്ചുപോയി; വിധിയെ തോൽപ്പിച്ച് രോഗമുക്തനായി- പൊള്ളുന്ന ജീവിതാനുഭവം പങ്കുവെച്ച് കൊല്ലം തുളസി
വർഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് കൊല്ലം തുളസി. നാടകവേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ നടനെ വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് മലയാളികൾക്ക് പരിചിതമായത്. ശബ്ദഗാംഭീര്യംകൊണ്ട് ഒരിക്കൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്ന ഈ കലാകാരൻ പിന്നീട് നാടക വേദികളിലും സജീവമായി. ഗവൺമെന്റ് ജോലിയിൽ നിന്നുമാണ് കൊല്ലം തുളസി അഭിനയത്തിലേക്ക് ചുവടുമാറ്റിയത്.
രാഷ്ട്രീയ വിവാദങ്ങളിലൂടെയാണ് അടുത്തകാലങ്ങളിൽ കൊല്ലം തുളസി ശ്രദ്ധേയനായിരുന്നതെങ്കിൽ പച്ചയായ ചില തുറന്നുപറച്ചിലുകളിലൂടെ നടൻ വീണ്ടും ശ്രദ്ധനേടുകയാണ്. ഫ്ളവേഴ്സ് ഒരുകോടി വേദിയിലാണ് കൊല്ലം തുളസി തന്റെ ജീവിതയാത്രയിൽ സംഭവിച്ച കാര്യങ്ങൾ തുറന്നു പറയുന്നത്. ക്യാൻസർ ബാധിതനായിരുന്ന സമയത്ത് കുടുംബം പോലും ഉപേക്ഷിച്ചതായി അദ്ദേഹം പറയുന്നു.
ക്യാൻസർ ബാധിതനാണെന്നു അറിഞ്ഞതോടെ ഭാര്യ ഒപ്പം നിന്നില്ല. സുഹൃത്തുക്കളും ബന്ധുക്കളും അകന്നുനിന്നു. കൂടെ ഉണ്ടാകുമെന്നു കരുതിയ സഹോദരങ്ങളും ഉപേക്ഷിച്ചതോടെ ജീവിതത്തിലെ ഏറ്റവും അനാഥത്വം നിറഞ്ഞ അവസ്ഥയിലേക്ക് ഇദ്ദേഹം പോയി. മരിക്കുമെന്ന് ഡോക്ടർമാർ വിധിയും പറഞ്ഞതോടെ കയ്യിൽ പണമില്ലാത്ത ഒരാൾക്കൊപ്പം നിൽക്കേണ്ടന്ന് എല്ലാവരും കരുതിയിരിക്കാം എന്നാണ് കൊല്ലം തുളസി പറയുന്നത്.
Read Also: ഗുരുതരമായ അപകടങ്ങളില് പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്
എന്നാൽ അവിടെ അപ്രതീക്ഷിതമായ ചിലത് സംഭവിച്ചു. പ്രതീക്ഷിക്കാത്ത ആളുകൾ കൂടെ നിന്നു. മരണത്തിൽ നിന്നും തിരികെയെത്തി. ഒരുവർഷത്തെ ആർ സി സി ചികിത്സയുടെ മികവിൽ കൊല്ലം തുളസി ജീവിതം തിരികെപ്പിടിച്ചു. സത്യസന്ധമായി എല്ലാം തുറന്നു പറയുന്ന ആളാണ് താനെന്നും കൊല്ലം തുളസി പങ്കുവയ്ക്കുന്നു. ഒരുകോടി വേദിയിലെ താരത്തിന്റെ തുറന്നുപറച്ചിലുകൾ വളരെയേറെ ശ്രദ്ധനേടിക്കഴിഞ്ഞു.
Story highlights- kollam thulasi about his cancer journey