കുഞ്ചാക്കോ ബോബൻ- ജയസൂര്യ കൂട്ടുകെട്ടിൽ വീണ്ടും സിനിമ; ‘എന്താടാ സജി’ ഒരുങ്ങുന്നു

April 1, 2022

മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്നത് ‘എന്താടാ സജി’ എന്ന ചിത്രത്തിലൂടെയാണ്. ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എന്താടാ സജി അണിയറയിൽ ഒരുങ്ങുമ്പോൾ ആരാധകരുടെ ആവേശവും ഇരട്ടിയാണ്. തൊടുപുഴയാണ് ഇന്ന് ചിത്രീകരണം ആരംഭിച്ച സിനിമയുടെ പ്രധാന ലൊക്കേഷൻ.

മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ചാക്കോച്ചനും ജയസൂര്യയും. ഇരുവരും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കഥാപാത്രങ്ങളും നിരവധിയാണ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിച്ചെത്തിയ ചിത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഈ കൂട്ടുകെട്ട് വീണ്ടും എന്താടാ സജിയിലൂടെ ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സിനിമാലോകം.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. അതേസമയം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപതാമത്തെ ചിത്രമാണിത്.’ റോബിയാണ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ചാക്കോ ബോബനും ജയസൂര്യയും തമ്മിലുള്ള സംസാരത്തിലൂടെയാണ് ടൈറ്റില്‍ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നിവേദ തോമസാണ് സിനിമയിൽ നായികയായി വേഷമിടുന്നത്.

Read also: ‘എനിക്കെതിരെ അയാൾ തുടർച്ചയായി സിക്സറുകൾ പായിച്ചു കൊണ്ടിരുന്നു’; ഗ്രൗണ്ടിൽ താൻ ഏറെ ഭയപ്പെട്ടിരുന്ന ഇന്ത്യൻ താരത്തെ പറ്റി ഷൊയൈബ് അക്തർ

‘സ്വപ്‍നക്കൂട്’ എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്. ‘ഗുലുമാലാ’യിരുന്നു ഇരുവരും ഒന്നിച്ച മറ്റൊരു സിനിമ. ‘101 വെഡ്ഡിംഗ്’, ‘അമര്‍ അക്ബർ അന്തോണി’, ‘സ്‍കൂള്‍ ബസ്’, ‘ഷാജഹാനും പരീക്കുട്ടിയും’ തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചു. മികച്ച സ്വീകാര്യതയാണ് ഇരുവരും ഒന്നിച്ച ചിത്രങ്ങൾക്കൊക്കെ ലഭിച്ചത്. ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ‘എന്താടാ സജി’ എന്ന ചിത്രത്തിലൂടെ എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകരും.

Story highlights: Kunchakko Boban and Jayasurya joins for a film