‘മമ്മൂട്ടി അങ്കിൾ ഒന്നുകാണാൻ വരാമോ?’- ആശുപത്രിക്കിടക്കയിൽ കുഞ്ഞാരാധിക; ആഗ്രഹം സഫലമാക്കി താരം

April 3, 2022

മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. എന്നും ആരാധകരെ ചേർത്തുനിർത്താറുള്ള താരം ഇപ്പോഴിതാ, ഒരു കുഞ്ഞാരാധികയുടെ ആഗ്രഹം സഫലമാക്കി നൽകിയിരിക്കുകയാണ്. ആശുപത്രിക്കിടക്കയിലാണ് കുട്ടി. ഒരു വിഡിയോയിലൂടെ മമ്മൂട്ടിയെ കാണാനുള്ള ആഗ്രഹം കുട്ടി പങ്കുവയ്ക്കുകയായിരുന്നു. ‘നാളെ എന്റെ പിറന്നാളാണ്, മമ്മൂട്ടി അങ്കിൾ ഒന്ന് വരാമോ? എന്ന് കുട്ടി വിഡിയോയിലൂടെ ചോദിക്കുന്നു.

നിരവധി പേജുകളിലൂടെ വിഡിയോ പ്രചരിച്ചിരുന്നു. അങ്ങനെ കാണാനുള്ള ആഗ്രഹം പറയുമ്പോൾ പോലും അത് സാക്ഷാത്കരിക്കാൻ സാധിക്കും എന്ന് കുട്ടിയോ ബന്ധുക്കളോ വിചാരിച്ചിട്ടുണ്ടാകില്ല. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി മമ്മൂട്ടി ആശുപത്രിയിലേക്ക് എത്തി.

ഇതേ ആശുപത്രിയിൽ യാദൃശ്ചികമായി എത്തിയ മമ്മൂട്ടിയോട് ഡോക്ടർമാർ ഇക്കാര്യം പറഞ്ഞപ്പോഴാണ് കുട്ട്യേ കാണാനുള്ള ആഗ്രഹം താരവും പ്രകടിപ്പിച്ചത്. കുഞ്ഞാരാധികയുടെ ആഗ്രഹം സഫലമാക്കി നൽകിയ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

Read Also: മണിക്കൂറുകൾക്കുള്ളിൽ 20 മില്യണടിച്ച് ബീസ്റ്റ് ട്രെയ്‌ലർ; മാസും ആക്ഷനും നിറച്ച് വിജയ് ചിത്രം

നിർമാതാവ് ആന്റോ ജോസഫും പേഴ്സണൽ അസിസ്റ്റന്റെ എസ്.ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. മമ്മൂട്ടി അങ്കിൾ വന്നു കണ്ടതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനം എന്ന് കുട്ടി പറഞ്ഞു. ആരാധികയുടെ ഒപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗമാണ് ചികിത്സയിൽ കഴിയുന്ന കുട്ടിക്ക്. ആസ്റ്റർ മെഡിസിറ്റിയിലാണ് ചികിത്സ നടക്കുന്നത്. ആരാധികയ്ക്ക് പിറന്നാൾ ആശംസകൾ നേരാനും മമ്മൂട്ടി മറന്നില്ല.

Story highlights- mammootty visits fangirl