വെള്ളത്തിനടിയിൽവെച്ച് പച്ചക്കറി അരിഞ്ഞ് യുവാവ്; വൈറൽ വിഡിയോ ഏറ്റെടുത്തത് 30 ലക്ഷത്തോളം ആളുകൾ

April 7, 2022

ആകാശത്ത് വെച്ച് സവാള അരിഞ്ഞ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന ഒരു യുവാവിനെ ഓർമയില്ലേ..? സെലിബ്രിറ്റി ഷെഫ് ഓസ്ഡെമിർ ബുറാക്കിന് സോഷ്യൽ ഇടങ്ങളിൽ ആരാധകർ ഏറെയാണ്. വിചിത്ര പരീക്ഷണങ്ങൾ നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയ തുർക്കിഷ് ഷെഫ് ഓസ്ഡെമിർ ബുറാക്കിന്റെ ഏറ്റവും പുതിയ വിഡിയോയാണ് ഇപ്പോൾ കാഴ്‌ചക്കാരെ മുഴുവൻ അത്ഭുതപ്പെടുത്തുന്നത്. ഷെയർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 30 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ വിഡിയോ ആളുകളിൽ ആകാംഷയും അത്ഭുതവും നിറയ്ക്കുന്നുണ്ട്. വെള്ളത്തിനടിയിൽ ഇരുന്ന് പച്ചക്കറി മുറിയ്ക്കുന്ന ഷെഫിന്റെ വിഡിയോയാണ് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയിരിക്കുന്നത്.

മടിയിൽ ചോപ്പിംഗ് ബോർഡ് വെച്ചുകൊണ്ട് വെള്ളത്തിനിടയിൽ ഇരുന്ന് വളരെ കൂളായി കക്കരിക്ക മുറിയ്ക്കുന്ന ഓസ്ഡെമിർ ബുറാക്കിന്റെ വിഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. അതേസമയം ഇതാദ്യമല്ല ഇത്തരത്തിൽ കൗതുകം നിറയ്ക്കുന്നതും സാഹസികവുമായ പാചക ഒരുക്കങ്ങൾ നടത്തുന്ന വിഡിയോകൾ ടിക്ക് ടോക്ക് താരം കൂടിയായ ഓസ്ഡെമിർ ബുറാക്ക് പങ്കുവയ്ക്കുന്നത്. ഓരോ വിഡിയോകളും വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 33.1 മില്യൺ ഫോളോവേഴ്സ് ഉള്ള സെലിബ്രിറ്റി ഷെഫ് ആണ് ഓസ്ഡെമിർ ബുറാക്ക്.

സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന കാര്യങ്ങൾ പോലും ഞൊടിയിടയിൽ നമുക്കരികിലെത്തും. ഒപ്പം സമൂഹമാധ്യമങ്ങൾ പലർക്കും വരുമാനം കൂടി നേടിക്കൊടുക്കാൻ തുടങ്ങിയതോടെ തങ്ങളുടെ കഴിവുകളുടെയും പരീക്ഷണങ്ങളുടേയുമൊക്കെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും തുടങ്ങി ആളുകൾ. ഇത്തരം കൗതുകം നിറയ്ക്കുന്ന നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ ദിവസവും സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരാറുണ്ട്. അത്തരത്തിൽ ഒന്നായി മാറുകയാണ് പങ്കുവെച്ച് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് കാഴ്ചക്കാരിൽ കൗതുകം നിറച്ച ഈ അണ്ടർവാട്ടർ വെജിറ്റബിൾ കട്ടിങ് വിഡിയോയും.

Story highlights: Man chops cucumber underwater- viral video