വിഷു ആശംസകളുമായി മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും മമ്മൂക്കയും…

April 15, 2022

വിഷു ചിത്രങ്ങൾ ഇല്ലാത്ത ഒരു വിഷുവാണ് ഇത്തവണ മലയാള സിനിമയ്ക്ക്. വിഷുവിന് കേരളത്തിലെ തിയേറ്ററുകൾ ഭരിക്കുന്നത് അന്യഭാഷാ ചിത്രങ്ങളാണ്. യാഷിന്റെ കന്നഡ ചിത്രം ‘കെജിഎഫ് 2’ വും വിജയിയുടെ ‘ബീസ്റ്റുമാണ്’ ഈ വിഷുവിന് മലയാളി പ്രേക്ഷകർ ആഘോഷമാക്കുന്ന ചിത്രങ്ങൾ. നേരത്തെ പ്രദർശനത്തിനെത്തിയ രാജമൗലിയുടെ ‘ആർആർആറും’ ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങളൊന്നും അടുത്ത് തിയേറ്ററുകളിൽ റിലീസിന് തയാറാവുന്നില്ല.

എന്നാലിപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെയും മമ്മൂക്കയുടെയും വിഷു ആശംസകളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരു താരങ്ങളും ലോകമെങ്ങുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് കൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചത്.

‘എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ’ എന്ന അടിക്കുറിപ്പോടെ നടൻ മമ്മൂട്ടി ചിത്രം പങ്കുവെച്ചപ്പോൾ ‘ഹാപ്പി വിഷു’ എന്നാണ് മോഹൻലാൽ തന്റെ ചിത്രത്തിന് താഴെ കുറിച്ചത്.

‘ബറോസ്’ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നടൻ മോഹൻലാൽ. മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്.’ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജീത്തു ജോസഫിന്റെ ‘ട്വൽത് മാനാണ്’ ഒടിടി റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം.

Read More: ‘കണികാണും നേരം..’- വിഷുചേലിൽ ഈണത്തിൽ പാടി അഹാന കൃഷ്ണ

അതേ സമയം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ ‘ഭീഷ്മപർവ്വമാണ്” മമ്മൂട്ടിയുടേതായി ഏറ്റവും അവസാനം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം. വലിയ കാത്തിരിപ്പിന് ശേഷം ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചത്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്.

Story Highlights: Mohanlal and mammootty’s vishu wishes