‘ഒടിയൻ’ മാണിക്യൻ ഇനി ഹിന്ദിയിൽ, ട്രെയ്‌ലർ

April 22, 2022

മലയാളക്കര ഇരുകൈകളും നീട്ടി ഏറ്റെടുത്ത മോഹൻലാൽ ചിത്രമാണ് ഒടിയൻ. മലയാളത്തിന് ശേഷം അന്യ ഭാഷകളിലും റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലറാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ മാസം 23 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെ എത്തുക. പെൻ മൂവീസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.

മോഹൻലാൽ നായകനായെത്തിയ വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും ശ്രദ്ധ നേടിയ സിനിമയാണ്. ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി വേഷമിട്ടത് മഞ്ജു വാര്യരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചത്.

Read also: ഇത് കറാച്ചിയിലെ ടാർസൻ; ഒറ്റരാത്രികൊണ്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയ 28 കാരനും പറയാനുണ്ട് ഹൃദയംതൊടുന്നൊരു ജീവിതകഥ

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ ചിത്രം സ്വന്തമാക്കിയിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന മഞ്ജു- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം കൂടിയാണ് ഒടിയൻ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ പ്രകാശ് രാജ്, സിദ്ദിഖ്, ഇന്നസെന്റ്, നരേൻ, മനോജ് ജോഷി തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഒടിയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്. പീറ്റർ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്തത്.

Read also: ശുദ്ധജലക്ഷാമം പരിഹരിക്കാൻ വായുവിൽ നിന്നും കുടിവെള്ളം ഉൽപാദിപ്പിക്കുന്ന ടവർ- ദിവസവും 100 ലിറ്റർ വരെ വെള്ളം, പരീക്ഷണം ഹിറ്റ്

അതേസമയം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോൾ. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്ന താരത്തിന്റെ ആദ്യ സംവിധാന സംരംഭം കാണാനുള്ള ആവേശത്തിലാണ് സിനിമ പ്രേമികളും.

Story highlights; Odiyan Official Hindi Trailer