നാഗവല്ലിയും സേതുരാമയ്യരും കണ്ടുമുട്ടിയപ്പോൾ- കൂടികാഴ്‌ച്ചയുടെ വിഡിയോ പങ്കുവെച്ച് മമ്മൂട്ടി

April 22, 2022

മലയാളികൾക്കിടയിൽ ശക്തമായ ആരാധകവൃന്ദമുള്ള സിനിമാ മേഖലയിലെ രണ്ട് ഇതിഹാസ താരങ്ങളാണ് മമ്മൂട്ടിയും ശോഭനയും എന്ന് നിസ്സംശയം പറയാം. അസാധ്യമായ പ്രകടനങ്ങൾ നൽകുന്നതിൽ ഈ ജോഡി ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. മമ്മൂട്ടി- ശോഭന ജോഡിയെ ക്ലാസിക് ടച്ചുള്ള സിനിമകളിലാണ് പ്രേക്ഷകർ കൂടുതലും ഒരുമിച്ച് കണ്ടത്. അടുത്തിടെ നടി ശോഭന ‘സിബിഐ 5’ന്റെ സെറ്റിൽ സന്ദർശനം നടത്തുകയും മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും അദ്ദേഹത്തെ ‘ക്യാപ്റ്റൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ആ കൂടിക്കാഴ്ചയുടെ ഹൃദ്യമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. ‘നാഗവല്ലിയും സേതുരാമയ്യരും കണ്ടുമുട്ടിയപ്പോൾ’ എന്ന കുറിപ്പിനൊപ്പമാണ് മമ്മൂട്ടി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സെറ്റിലെത്തിയ ശോഭനയെ എല്ലാവരും ചേർന്നാണ് സ്വീകരിച്ചത്. ടീമിനൊപ്പം ആഹാരം കഴിച്ചും മമ്മൂട്ടിക്കൊപ്പം കുശലം പറഞ്ഞും സെൽഫി പകർത്തിയുമാണ് ശോഭന സെറ്റിൽ നിന്നും മടങ്ങിയത്.

ഒട്ടേറെ മനോഹര സിനിമകളിലൂടെ ഈ ജോഡി മലയാളികളെ വിസ്മയിപ്പിച്ചിരുന്നു. മമ്മൂട്ടി, അശോകൻ, ശോഭന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘അനന്തരം’ 1987-ൽ പുറത്തിറങ്ങിയതാണ്. മമ്മൂട്ടിയുടെയും ശോഭനയുടെയും ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണിത്.

1991-ൽ പുറത്തിറങ്ങിയ കോമഡി സിനിമയായ ‘അടയാളം’ ആണ് മറ്റൊന്ന്. ചിത്രത്തിൽ ‘ക്യാപ്റ്റൻ ഹരിഹരൻ’ ​​എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു, ശോഭന മാലിനിയായി എത്തുന്നു. ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിലെ ‘ഓലത്തുമ്പത്ത്’ എന്ന ഗാനത്തിൽ മാത്രമാണ് ശോഭന അവതരിപ്പിക്കുന്ന ‘ഭാമ’ എന്ന കഥാപാത്രത്തെ സിനിമയിൽ കാണാൻ സാധിക്കുന്നത്. എന്നിട്ടും, മമ്മൂട്ടി- ശോഭന ജോഡി ഈ ചിത്രത്തിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തി.

Read Also: ബാംഗ്ലൂർ താരങ്ങൾക്കായി കെജിഎഫ് പ്രത്യേക പ്രദർശനം; കയ്യടിച്ചും വിസിലടിച്ചും താരങ്ങൾ

മണിരത്‌നത്തിന്റെ തമിഴ് ചിത്രമായ ദളപതിയിലും ഇരുവരും വേഷമിട്ടിരുന്നു. ‘മഹാഭാരത’ത്തെ അടിസ്ഥാനമാക്കി രജനികാന്തും മമ്മൂട്ടി വേഷത്തിൽ എത്തിയ ചിത്രത്തിൽ ‘മഹാഭാരത’ത്തിലെ ‘ദ്രൗപതി’ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ‘സുബ്ബുലക്ഷ്മി’ എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്.

ഈ തണലിൽ ഇത്തിരിനേരം, മഴയെത്തും മുൻപ്, യാത്ര, അലകടലിനക്കരെ, ഈറൻ സന്ധ്യ, കാണാമറയത്ത് തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിരുന്നു. വീണ്ടും മലയാളികൾ കാത്തിരിക്കുകയാണ് ഈ ഹിറ്റ് ജോഡികൾ ഒന്നിച്ച് എത്തുന്നതിനായി.

Story highlights- Shobana visited the sets of CBI 5