എയ്ഡ്സ് ബാധിതരും അനാഥരും; തെരുവിൽ ഉപേക്ഷിക്കപ്പെട്ട നൂറോളം കുരുന്നുകൾക്ക് തുണയായി ഒരമ്മ

April 9, 2022

പ്രിയപ്പെട്ടവരാൽ ഉപേക്ഷിക്കപ്പെട്ടും, ആരോരുമില്ലാതെ ദുരിതത്തിലായവരുമായി തെരുവോരങ്ങളിൽ അലയുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. അത്തരത്തിൽ എയ്ഡ്സ് ബാധിച്ചും അനാഥാരായി ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി കുരുന്നുകൾക്ക് മുഴുവൻ ആശ്വാസമായതാണ് മഹാരാഷ്ട്ര സ്വദേശിയായ മംഗൾ അരുൺ ഷാ എന്ന 70 കാരി ‘അമ്മ. എച്ച് ഐവി ബാധിച്ച് ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളാണ് കൂടുതലും ഈ അമ്മയുടെ തണലിൽ ഇവിടെ ഉള്ളത്. അതേസമയം വർഷങ്ങളായി ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നിരവധി കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ഈ ‘അമ്മ.

17 ആം വയസിലാണ് മംഗൾ അരുൺ ഷാ സാമൂഹ്യപ്രവർത്തനങ്ങളുമായി ഇറങ്ങിയത്. ആദ്യമൊക്കെ പാവപ്പെട്ടവർക്കും ദുരിതത്തിലായ സ്ത്രീകൾക്കും വേണ്ടി ശബ്‍ദമുയർത്താൻ ഇറങ്ങിതിരിച്ചപ്പോൾ നിരവധി വെല്ലുവിളികൾ ഇവർക്ക് നേരിടേണ്ടിവന്നിരുന്നു. എന്നാൽ മനക്കരുത്തുകൊണ്ട് അതിനെയെല്ലാം അതിജീവിച്ച ഇവർ ഗർഭിണികൾ, എച്ച്ഐവി ബാധിതരായ സ്ത്രീലൈംഗികത്തൊഴിലാളികൾ, വികലാംഗർ എന്നിവരെ സഹായിക്കാൻ സർക്കാർ ആശുപത്രികളിൽ കയറി ഇറങ്ങി.

ഹോസ്പിറ്റലിലെ നിർധനരായ രോഗികൾക്ക് അവർ വീട്ടിൽ പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുത്തു. ഒപ്പം എയ്ഡ്‌സ് ബാധിച്ച സ്ത്രീ ലൈംഗികത്തൊഴിലാളികൾക്കിടയിൽ എയ്ഡ്‌സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അവർ ക്ലാസുകളും സംഘടിപ്പിച്ചു.

ഈ സമയത്താണ് എയ്ഡ്സ് ബാധിച്ച് മാതാപിതാക്കൾ മരിച്ച രണ്ടു കുട്ടികൾ തെരുവിൽ കഴിയുന്നതിനെക്കുറിച്ച് ഇവർ അറിയുന്നത്, അവരെ അന്വേഷിച്ച് ചെന്നപ്പോൾ ആ കുരുന്നുകൾ ആരാലും ഉപേക്ഷിക്കപ്പെട്ട് പശുത്തൊഴുത്തിൽ കഴിയുന്നത് കണ്ടെത്തി, മുറിവുകളോടെ തൊഴുത്തിൽ വാവിട്ട് കരയുന്ന കുഞ്ഞുങ്ങളെയുമായി ആശുപത്രിയിൽ എത്തിയപ്പോൾ അവിടെയും ആ രോഗത്തിന്റെ പേരിൽ അവർ അകറ്റപ്പെട്ടു.

Read also: ആറു തലകളും പത്ത് കാലുകളും; സോഷ്യൽ ഇടങ്ങളെ കൺഫ്യൂഷനിലാക്കി ഒരു ചിത്രം

അങ്ങനെയാണ് ആ ഉപേക്ഷിക്കപ്പെട്ട കുട്ടികളുമായി പാലാവി ഫൗണ്ടേഷൻ ആരംഭിക്കുന്നത്. രണ്ട് പെൺകുട്ടികളുമായി തുടങ്ങിയ സ്ഥാപനം ഇപ്പോൾ എച്ച്ഐവി ബാധിതരായ 125 അനാഥരായ കുട്ടികൾക്ക് ആശ്രയമായി മാറിയിരിക്കുകയാണ്. 21 വയസ്സുവരെയുള്ള കുട്ടികളാണ് ഇവിടെ ഉള്ളത്. മംഗൾതായും മകൾ ഡിംപിളും ചേർന്നാണ് ഇപ്പോൾ ഈ സ്ഥാപനം പ്രവർത്തിപ്പിക്കുന്നത്.

Story highlights: The Inspiring Story Of Mangal Shah, Who Mothered Over 100 HIV+children