75 ആം വയസിലും തളരാത്ത ഫിറ്റ്നസ്; ലോകറെക്കോർഡ് നിറവിൽ ടോണി

May 16, 2022

ലോകറെക്കോർഡ് ലഭിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അതിന് വേണ്ടി കഠിനാധ്വാനവും പരിശ്രമങ്ങളും നടത്തുന്ന നിരവധിപ്പേരെ നമുക്ക് പരിചിതമാണ്. ഇപ്പോഴിതാ അത്തരത്തിൽ 75 ആം വയസിൽ ലോകറെക്കോർഡ് നേടിയ ഒരാളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ടോണി ഹെല്യൂ എന്നയാൾ യുവാക്കളെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് അഭ്യാസമുറകൾ ചെയ്യുന്നത്. സ്വന്തം ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന ടോണി ഹെല്യൂവിനെത്തേടി ഇപ്പോൾ ലോകറെക്കോർഡും എത്തിയിരിക്കുകയാണ്.  

കാനഡയിലെ ഡ്യൂക്‌സ് മൊണ്ടാജെന്‍സ് ആണ് ടോണിയുടെ സ്വദേശം. ഹെഡ്‌സ്റ്റാന്‍ഡ് ചെയ്യുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിക്കുള്ള ഗിന്നസ് റെക്കോര്‍ഡാണ് ടോണിയെ തേടിയെത്തിയിരിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ വളരെ കൂളായി തലകുത്തിനിൽക്കുന്ന ടോണി ഹെല്യൂവിന്റെ ചിത്രങ്ങളും വിഡിയോകളും വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പ്രായം കൂടുന്തോറും സാധാരണ എല്ലാവർക്കും അവരുടെ ആരോഗ്യത്തിലും ഫിറ്റ്നസിലുമൊക്കെ ആത്മവിശ്വാസം കുറഞ്ഞുവരികയാണ് പതിവ്. എന്നാൽ ഏത് പ്രായത്തിലും ഫിറ്റ്‌നസോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ കഴിയും എന്നതിന്റെ തെളിവാണ് ഇതെന്നാണ് ടോണി ഹെല്യൂ പറയുന്നത്.

അതേസമയം അമ്പത്തിയഞ്ചാം വയസിലാണ് ടോണി ഹെല്യൂ ഫിറ്റ്നസിൽ ശ്രദ്ധിച്ച് തുടങ്ങിയത്. തുടക്കത്തിൽ ഓട്ടം പുഷ്പ് തുടങ്ങിയ വ്യായാമരീതികളാണ് ടോണി ഹെല്യൂ ചെയ്തുതുടങ്ങിയത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചധികം വ്യായാമ മുറകൾ പരീക്ഷിച്ച് തുടങ്ങി. അതിരാവിലെ ഉണർവ് വ്യായാമങ്ങൾ ചെയ്യുന്ന ടോണി ഹെല്യൂ ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധിക്കാറുണ്ട്.

Read also: മൂന്ന് ഗായകർ ചേർന്നാലപിച്ച ഗാനം ഒറ്റയ്ക്ക് പാടി ഞെട്ടിച്ച് അസ്‌ന; അസാധ്യ ആലാപനമികവിനെ പ്രശംസിച്ച് പാട്ട് വേദി

ഇപ്പോൾ എഴുപത്തിയഞ്ചാം വയസിൽ തന്നെ തേടിയെത്തിയ അവാർഡിന്റെ സന്തോഷത്തിലാണ് ടോണി ഹെല്യൂ. ഇത് പ്രായം പലതിനും തടസമാണ് എന്ന് ചിന്തിക്കുന്നവർക്ക് മുഴുവൻ ഒരു പാഠമാണെന്നാണ് അദ്ദേഹം പറയുന്നത്.

Story highlights: 75-year-old-man-gets-guinness-world-record for an extra ordinary performance