ബാറ്റിംഗ് തകർച്ച നേരിട്ട് ചെന്നൈ; മറുപടി ബാറ്റിങ്ങിൽ നായകനെ നഷ്ടമായി മുംബൈ

May 12, 2022

പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്നത്തെ വിജയം അനിവാര്യമായിരുന്ന ചെന്നൈക്ക് ബാറ്റിംഗ് തകർച്ച. തുടർച്ചയായി വിക്കറ്റുകൾ വലിച്ചെറിഞ്ഞ ചെന്നൈ ടീമിൽ നായകൻ ധോണി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചത്. ഒരു ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ സ്കോറിന് ഓൾ ഔട്ട് ആവാൻ സാധ്യത ഉണ്ടായിരുന്ന ചെന്നൈയെ ഒറ്റയാൾ പോരാട്ടം നടത്തിയാണ് ധോണി 100 ന് അരികിൽ എത്തിച്ചത്. 20 ഓവറിൽ 97 റൺസ് എടുക്കുമ്പോഴേക്കും ചെന്നൈയുടെ ബാറ്റർമാരെല്ലാം പുറത്തായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസും ഇപ്പോൾ ബാറ്റിംഗ് തകർച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്. 6 ഓവറിൽ 36 റൺസെടുക്കുമ്പോഴേക്കും മുംബൈയുടെ 4 വിക്കറ്റുകളാണ് പോയത്. നായകൻ രോഹിത് ശർമയും ഓപ്പണർ ഇഷാൻ കിഷനും ഉൾപ്പടെയുള്ള ബാറ്റർമാർ പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയ ടീമുകളാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും. ടൂർണമെന്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകൾ കൂടിയാണ് ഇരുവരും. ഐപിഎല്ലിലെ എൽ ക്ലാസിക്കോ പോരാട്ടമാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരം. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത് അഭിമാന പോരാട്ടമായാണ് ആരാധകർ കാണുന്നത്.

Read More: ഒരു ‘മിന്നൽ’ ചിത്രം; വൈറലായി രാജസ്ഥാൻ-ഡൽഹി മത്സരത്തിനിടയിൽ ബേസിൽ ജോസഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം

കഴിഞ്ഞ സീസണുകളിലൊക്കെ ടൂർണമെന്റിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായിരുന്നു മുംബൈ-ചെന്നൈ മത്സരം. എന്നാൽ ഈ സീസണിൽ ഇരു ടീമുകളും പരിതാപകരമായ അവസ്ഥയിലാണ്. പോയിന്റ് ടേബിളിൽ ഏറ്റവും താഴെയാണ് ഇരു ടീമുകളുടെയും സ്ഥാനം. മുംബൈ പത്തും ചെന്നൈ ഒൻപതും സ്ഥാനങ്ങളിലാണ് നില്‍ക്കുന്നത്. പതിനൊന്ന് മത്സരങ്ങളിൽ ഒൻപതിലും തോറ്റ മുംബൈയുടെ പ്ലേ ഓഫ് സാധ്യത നേരത്തേ അവസാനിച്ചു. ഏഴ് കളി തോറ്റ ചെന്നൈയും അവസാന നാലിലെത്താനുള്ള സാധ്യത വളരെക്കുറവാണ്. ഇന്നത്തെ മത്സരത്തിൽ തോൽക്കുകയാണെങ്കിൽ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അതോടെ പൂർണമായും അവസാനിക്കും.

Story Highlights: Chennai has a low score against mumbai