സീബ്രാ ലൈനിൽ ക്ഷമയോടെ കാത്തുനിന്നു; വാഹനങ്ങൾ നിർത്തിയതിന് ശേഷം ശ്രദ്ധയോടെ റോഡുമുറിച്ചുകടന്ന് മാൻകുഞ്ഞ്- കൗതുകക്കാഴ്ച

May 20, 2022

ട്രാഫിക് സുരക്ഷാ നിയമങ്ങൾ പാലിക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ളവരാണ് പൊതുവെ ആളുകൾ. ട്രാഫിക്കിൽ സമയം പാഴാക്കാൻ ആർക്കും തന്നെ താല്പര്യമില്ല. വാഹനമോടിക്കുന്നവർ വഴിയാത്രികരെ കുറിച്ച് ചിന്തിക്കുന്നില്ല. വഴിയാത്രികരാകട്ടെ, സിഗ്നലിനായി കാത്തുനിൽക്കാൻ മടിയുള്ളവരും. എന്നാൽ, ഇത്തരക്കാർക്ക് മൃഗങ്ങൾ ഒരു മാതൃകയായാലോ? ട്രാഫിക് സിഗ്നലുകൾ കൃത്യമായി പാലിക്കുന്ന ഒരു മാൻകുഞ്ഞാണ്‌ ഇപ്പോൾ താരം.

ഉത്തർപ്രദേശ് പോലീസ് പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്.ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി പങ്കിട്ട ക്ലിപ്പ് ഒരു സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ് കാറുകൾ കടന്നുപോകുന്നതിനായി റോഡരികിൽ ക്ഷമയോടെ കാത്തുനിൽക്കുന്ന ഒരു ജാപ്പനീസ് മാൻകുഞ്ഞിന്റേതാണ്.

റോഡ് മുറിച്ചുകടക്കുമ്പോൾ അവയുടെ അവബോധവും ജാഗ്രതയും മാതൃകാപരമാണ്.
താരതമ്യേന പരിഷ്‌കൃതരായ മനുഷ്യർ ശ്രദ്ധിക്കണമെന്നുള്ള സൂക്ഷ്മമായ ഓർമ്മപ്പെടുത്തലാണ് വിഡിയോ നൽകുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വിഡിയോ പങ്കിട്ടുകൊണ്ട് ഉത്തർപ്രദേശ് പോലീസ് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് എഴുതിയിരിക്കുന്നു.

അപകടങ്ങളും തിരക്കും കുറയ്ക്കാനാണ് റോഡുകളിൽ സിഗ്നലുകൾ ഉള്ളത്. റോഡ് മുറിച്ച് കടക്കുമ്പോഴാണ്‌ കൂടുതലും സിഗ്‌നലുകൾ ശ്രദ്ധിക്കേണ്ടത്. ഇരുവശത്തിനിന്നുമുള്ള വാഹനങ്ങൾ നിർത്താനുള്ള സിഗ്‌നൽ വന്നതിനുശേഷം മാത്രം റോഡ് മുറിച്ചുകടക്കുക എന്നതൊക്കെ വളരെ വിരളമായി മാത്രം ആളുകൾ പാലിക്കുന്ന നിയമമാണ്. അതുകൊണ്ട് തന്നെ നിരവധി അപകടങ്ങളും സംഭവിക്കാറുണ്ട്. മനുഷ്യൻ കാറ്റിൽ പറത്തുന്ന നിയമങ്ങൾ എന്നാൽ മൃഗങ്ങൾ അതേപടി പാലിക്കുകയാണ്.

Read Also: ചലച്ചിത്രതാരം നിക്കി ഗൽറാണി വിവാഹിതയായി; ചിത്രങ്ങൾ

ട്രാഫിക് സിഗ്‌നലിൽ ക്ഷമയോടെ കാത്തിരുന്ന് വാഹനങ്ങൾ നിർത്തിയ ശേഷം മാത്രം, സീബ്രാ ക്രോസ്സിലൂടെ മറുവശത്തേക്ക് നടക്കുന്ന ഒരു നായയുടെ വിഡിയോ ഏതാനും നാളുകൾക്ക് മുൻപ് ശ്രദ്ധനേടിയിരുന്നു. ധൃതിയിൽ ഓടിവന്ന ശേഷം സിഗ്നലിനായി കാത്തിരിക്കുകയാണ് നായ. സിഗ്‌നൽ മാറിയതിന് പിന്നാലെ ഇരുവശത്തേക്കും ശ്രദ്ധിച്ച് മെല്ലെ റോഡ് മുറിച്ച് കടക്കുന്നു. നായ റോഡ് മുറിച്ച് കടക്കുന്ന സമയം ആളുകളൊന്നും കൂടെയില്ല. ഒറ്റക്കാണ് നായ റോഡ് ക്രോസ്സ് ചെയ്യുന്നത്. വിഡിയോ ശ്രദ്ധ നേടിയതോടെ ക്ഷമയോടെയും, കൗശലത്തോടെയും പ്രവർത്തിച്ച നായക്ക് കയ്യടിക്കുകയാണ് ആളുകൾ.

Story highlights- Deer follows the traffic signal rules