ഭാര്യയുടെ മരണശേഷം ഗർഭിണിയായ മകൾക്ക് അമ്മയായി മാറിയ ഒരു അച്ഛൻ- ഉള്ളുതൊട്ട് ഒരു പരിപാലനത്തിന്റെ കഥ
ജീവിതത്തിൽ വളരെയധികം നിരാശകളും ആശങ്കകളുമൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണ്. അത്തരം സാഹചര്യങ്ങളിൽ പ്രചോദനം പകരുന്ന ഹൃദ്യമായ അനുഭവകഥകൾ ഒരാളെ എത്രമാത്രം സ്വാധീനിക്കും എന്നത് പറഞ്ഞറിയിക്കാനാകില്ല. അങ്ങനെയൊരു അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അച്ഛൻ- മകൾ ആത്മബന്ധത്തിന്റെ ധാരാളം അനുഭവങ്ങൾ നമുക്ക് മുന്നിൽ ഉണ്ടെങ്കിലും ഈ കഥ അല്പംകൂടി വ്യത്യസ്തമാണ്. അമ്മയുടെ മരണശേഷം വിവാഹിതയായ മകളുടെ ഗർഭകാലത്ത് എങ്ങനെ തുണയാകാൻ സാധിച്ചു എന്നതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് റിട്ടയേർഡ് കേണൽ സഞ്ജയ് പാണ്ഡെ എന്ന അച്ഛൻ.
ഭാര്യയുടെ മരണശേഷം, ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള തന്റെ ഗർഭിണിയായ മകളെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത അച്ഛനാണ് ഇദ്ദേഹം. ട്വിറ്ററിൽ കേണൽ സഞ്ജയ് തന്നെയാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.ഭാര്യ മരിച്ച് ഒരു വർഷത്തിന് ശേഷമാണ് മകൾ ഗർഭിണിയായത്. ഒറ്റയ്ക്കുള്ള അവസ്ഥയിൽ ഗർഭാവസ്ഥയിൽ ഒരു സ്ത്രീയെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് ഒട്ടുമിക്ക ആളുകളെയുംപോലെ അദ്ദേഹത്തിനും അറിയില്ലായിരുന്നു. ‘എന്റെ ഭാര്യ മരിച്ച് ഒരു വർഷത്തിനുശേഷം, ഞാൻ ഉടൻ ഒരു മുത്തച്ഛനാകാൻ പോകുന്നുവെന്ന് എന്റെ മകൾ അറിയിച്ചു. പരമ്പരാഗതമായി ഒരു പിതാവ്, ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു രക്ഷിതാവ് എന്ന നിലയിൽ, ഗർഭകാലം, ഗർഭധാരണത്തിനു ശേഷമുള്ള കാലഘട്ടം, കുഞ്ഞിന്റെ വളർച്ച മുതലായവയിൽ ഒട്ടും പ്രയോജനമില്ലാത്ത വ്യക്തിയായിരുന്നു ഞാൻ. പക്ഷെ ഞാൻ ഒരു പോരാളിയായിരുന്നു,’.
1. My wife passed away and a year plus later my daughter informed me that I was going to be a grand dad soon. Traditionally, I, father, as lone surviving parent, would have been most useless guy around in pregnancy days, post pregnancy period, baby’s growth etc. I was a fighter.
— Col Sanjay Pande (Retd) (@ColSanjayPande) May 8, 2022
‘എന്റെ മകൾക്ക് ‘അമ്മ’ ആകാൻ ഞാൻ തീരുമാനിച്ചു. അവൾ ഗർഭിണി ആണെന്ന് എന്നെ അറിയിച്ച ദിവസം മുതൽ, ഞാൻ അവളുടെ ഭക്ഷണക്രമം ആസൂത്രണം ചെയ്തു, പരമ്പരാഗതമായുള്ള രീതികൾ രാത്രികളിൽ ഗവേഷണം ചെയ്തു, യൂട്യൂബ്, മുതിർന്നവർ, പുസ്തകങ്ങൾ തുടങ്ങി എനിക്ക് കൈ വയ്ക്കാവുന്ന എല്ലാ കാര്യങ്ങളിലൂടെയും പഠിക്കാൻ ശ്രമിച്ചു. അങ്ങനെ പരമ്പരാഗതമായി ഗർഭിണികൾക്ക് നൽകുന്ന ആദ്യമാസത്തെ ലഡ്ഡു ഞാൻ തയ്യാറാക്കി. എന്നാൽ പിന്നീടാണ് അടുത്ത പ്രശ്നം വന്നത്. ഡൽഹിയും യുകെയും തമ്മിലുള്ള അന്തരം!’. കൊവിഡ് കാലവുമായിരുന്നു.
ഇദ്ദേഹം ഡൽഹിയിൽ താമസിക്കുമ്പോൾ മകൾ യുകെയിലായിരുന്നു താമസം. ഭാഗ്യവശാൽ, ഈ പ്രശ്നത്തിനും പാണ്ഡെയ്ക്ക് ഒരു പരിഹാരം ഉണ്ടായിരുന്നു. പോഷകസമൃദ്ധമായ ലഡ്ഡുവിന്റെ കൂട്ടം യുകെയിലേക്ക് പാഴ്സൽ ചെയ്യുന്നതിനുമുമ്പ് അവയുടെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കുന്നതിനായി 96 മണിക്കൂർ വാക്വം സീൽ ചെയ്ത് ഫ്രീസ് ചെയ്തു. പിന്നീട് ഗർഭകാലത്ത് മകൾ ഒന്നും കഴിക്കാതിരുന്നതിനാൽ പോഷകസമൃദ്ധമായ ആ ലഡ്ഡൂ മകളുടെ ജീവൻ രക്ഷിച്ചതായും കേണൽ സഞ്ജയ് കുറിക്കുന്നു. 15 ദിവസത്തിന് ശേഷം അദ്ദേഹം മറ്റൊരു കൂട്ടം ലഡ്ഡു അയച്ചു, കൂടാതെ മകൾക്ക് പ്രസവ തീയതി വരെ ആരോഗ്യകരമായ ഭക്ഷണം ഡൽഹിയിൽ നിന്നും പാഴ്സൽ ചെയ്തു.
Read Also: എട്ട് വർഷങ്ങൾക്ക് മുൻപ് എന്റെ പേര് പോലും നിങ്ങൾക്കറിയില്ലായിരുന്നു- മനസ് തുറന്ന് വിജയ് ദേവരക്കൊണ്ട
പിന്നീട് കുഞ്ഞിന് ജന്മം നൽകിക്കഴിഞ്ഞാൽ, ഗർഭധാരണത്തിനു ശേഷം ഒരു അമ്മയ്ക്ക് നൽകേണ്ട ഭക്ഷണവും പോഷകാഹാരവും പോലും ഗവേഷണം ചെയ്തു. അതോടെ കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞു. ഡൽഹിയിൽ നിന്നും അദ്ദേഹം മകളുടെ അടുത്തേക്ക് പറന്നു. പിന്നീട് ഒപ്പം നിന്ന് പരിപാലിച്ചു. ഇപ്പോൾ അദ്ദേഹം മകൾക്ക് തുണയായതിനെക്കുറിച്ച് അഭിമാനത്തോടെ പങ്കുവയ്ക്കുമ്പോൾ പിന്തുണയുമായി എത്തുന്നവരുടെ എണ്ണവും കുറവല്ല. പ്രതിസന്ധി ഘട്ടത്തിൽ പോലും മകൾക്കായി അദ്ദേഹം വളരെ ചിന്തിച്ച് പ്രവർത്തിച്ചതിനെക്കുറിച്ച് കേണൽ മാതൃദിനത്തിലാണ് പങ്കുവെച്ചത്.
Story highlights- father-daughter heartwarming story