കുട്ടിപ്പടയ്‌ക്കൊപ്പം വീണ്ടും ‘കിം കിം’ ചുവടുകളുമായി മഞ്ജു വാര്യർ; വിഡിയോ

May 20, 2022

മഞ്ജു വാര്യർ നായികയാകുന്ന ‘ജാക്ക് ആൻഡ് ജിൽ’ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ പാട്ടുകളെല്ലാം ശ്രദ്ധനേടിയിരുന്നു. അതിൽ പ്രധാനമാണ് ‘കിം കിം’ എന്ന ഗാനം. മഞ്ജു വാര്യർ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. രസകരമായ ഗാനത്തിന്റെ സിഗ്നേച്ചർ ചുവടുകളും വളരെയേറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, കിം കിം ചുവടുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് നടി.

ലുലു മാളിൽ എത്തിയ കുട്ടികുരുന്നുകൾക്കൊപ്പമാണ് മഞ്ജു വാര്യർ ചുവടുവയ്ക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് മഞ്ജു വാര്യർ അണിയറപ്രവർത്തകർക്കൊപ്പം ലുലു മാളിൽ എത്തിയത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആൻഡ് ജിൽ’ ചിത്രത്തിൽ മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രമുഖ സംവിധായകൻ മണിരത്‌നമാണ് ടീസർ റിലീസ് പുറത്തിറക്കിയത്. ട്രെയിലർ പിന്നീട് കരൺ ജോഹർ പുറത്തിറക്കി.

ചിത്രത്തിൽ വിവരണം നൽകുന്നത് പൃഥ്വിരാജ് ആണ്. അഞ്ജലി മേനോൻ ചിത്രം ‘മഞ്ചാടിക്കുരു’വിന് വിവരണം നൽകിയതും പൃഥ്വിരാജ് ആയിരുന്നു. നെടുമുടി വേണു, അജു വർഗീസ്, സൂരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വലിയ താരനിര ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

Read Also: ആലിയ ഭട്ടിന്റെ ഗംഗുഭായ് ലുക്കിൽ തായ്‌ലൻഡിൽ നിന്നുമൊരു എൺപതുകാരി മുത്തശ്ശി- വിഡിയോ

ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. കേരളത്തിലും ലണ്ടനിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഹോളിവുഡിലെയും ബോളിവുഡിലെയും വലിയ സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്ന ചിത്രം സന്തോഷ് ശിവൻ മഞ്ജു വാര്യർ കൂട്ടുകെട്ടിൽ വിരിയുന്ന ആദ്യ ചിത്രം കൂടിയാണ്. സന്തോഷ് ശിവൻ ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’, ‘ഉറുമി  ’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ലോകം മുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്നു. 

Story highlights- manju warrier kim kim dance with kids