ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്‌ടം; പുറത്തായത് സൂപ്പർ താരം ജോസ് ബട്‌ലർ

May 11, 2022

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്ന സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. രാജസ്ഥാൻ ബാറ്റിങ്ങിനെ മുന്നിൽ നിന്ന് നയിക്കുന്ന സൂപ്പർ താരം ജോസ് ബട്‌ലറിന്റെ വിക്കറ്റാണ് രാജസ്ഥാന് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. ചേതൻ സക്കറിയ എറിഞ്ഞ പന്തിൽ ഷർദുൽ ഠാക്കൂർ ക്യാച്ചെടുത്താണ് ബട്‌ലർ പുറത്തായത്.

നേരത്തെ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. ഇപ്പോൾ 7 ഓവറിൽ 1 വിക്കറ്റ് നഷ്‌ടത്തിൽ 48 റൺസാണ് രാജസ്ഥാൻ നേടിയിരിക്കുന്നത്.

ഡല്‍ഹി ക്യാപിറ്റൽസ് ഇന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇറങ്ങിയിരിക്കുന്നത്. റിപാല്‍ പട്ടേലിന് പകരം ലളിത് യാദവും ഖലീല്‍ അഹമ്മദിന് പകരം ചേതന്‍ സക്കറിയയും ഇന്ന് ഡൽഹിക്കായി ഇറങ്ങിയിട്ടുണ്ട്. അതേ സമയം രാജസ്ഥാന്‍ റോയൽസ് ഷിംറോൺ ഹെറ്റ്‌മെയര്‍ക്ക് പകരം റാസ്സീ വാന്‍ ഡര്‍ ഡസനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് രാജസ്ഥാൻ ഇന്നിറങ്ങിയിരിക്കുന്നത്. 11 മത്സരങ്ങളിൽ നിന്നും 14 പോയിന്റാണ് രാജസ്ഥാനുള്ളത്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ രാജസ്ഥാന് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം.

എന്നാൽ 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ഡൽഹി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കും 10 പോയിന്റുള്ളതിനാൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.

Read More: ‘ടി 20 ലോകകപ്പിൽ ബുമ്രയ്ക്കൊപ്പം പന്തെറിയാൻ ഉമ്രാൻ മാലിക്കുണ്ടാവണം’; നിർദേശവുമായി മുൻ ഇന്ത്യൻ താരം

അതേ സമയം സീസണിന്റെ തുടക്കത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം രാജസ്ഥാനൊപ്പമായിരുന്നു. രാജസ്ഥാൻ ഉയർത്തിയ 223 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

Story Highlights: Rajasthan loses first wicket against delhi