രജത് പടിദാറിന്റെ ആറാട്ട്, വമ്പൻ സ്‌കോർ നേടി ബാംഗ്ലൂർ; മറുപടി ബാറ്റിങ്ങിൽ രണ്ട് വിക്കറ്റുകൾ നഷ്‌ടമായി ലഖ്‌നൗ

May 25, 2022

ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള എലിമിനേറ്റർ മത്സരത്തിൽ കൂറ്റൻ സ്‌കോറാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് അടിച്ചു കൂട്ടിയിരിക്കുന്നത്. 54 പന്തിൽ 112 റൺസ് നേടിയ രജത് പടിദാറിന്റെ അവിശ്വസനീയമായ പ്രകടനത്തിന്റെ കരുത്തിൽ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 207 റൺസ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിറങ്ങിയ ലഖ്‌നൗ 6 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 62 റൺസാണ് നേടിയിരിക്കുന്നത്.

മഴ കാരണം വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ലഖ്‌നൗ ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ ബാംഗ്ലൂരിന് നഷ്ടമായി. പിന്നീട ക്രീസിലെത്തിയ മുൻ നായകൻ വിരാട് കോലിയും രജത് പടിദാറും 66 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 25 റൺസ് നേടിയ കോലി പുറത്തായതിന് ശേഷമെത്തിയ ബാറ്റർമാരൊക്കെ നിരാശപ്പെടുത്തുകയായിരുന്നു..

പിന്നീട് ക്രീസിലെത്തിയ ദിനേശ് കാർത്തിക്കിനെ കൂട്ടുപിടിച്ചാണ് പടിദാർ ബാംഗ്ലൂർ സ്‌കോർ 200 കടത്തിയത്. 37 റൺസെടുത്ത കാർത്തിക്കും സെഞ്ചുറി നേടിയ പടിദാറും കൂടി നേടിയ 92 റൺസിന്റെ കൂട്ടുകെട്ടാണ് ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ സമ്മാനിക്കുന്നതിൽ നിർണായകമായത്.

Read More: രാജസ്ഥാൻ ആരാധകരോട് മാപ്പ് ചോദിച്ച് മില്ലർ; മത്സര ശേഷമുള്ള താരത്തിന്റെ ട്വീറ്റ് ശ്രദ്ധേയമാവുന്നു

രണ്ട് മാറ്റങ്ങളുമായിട്ടാണ് ലഖ്‌നൗ ഇന്നിറങ്ങിയത്‌. കൃഷ്ണപ്പ ഗൗതമിനും ജേസണ്‍ ഹോള്‍ഡർക്കും പകരം ക്രുനാല്‍ പാണ്ഡ്യയും ദുഷ്മന്ത ചമീരയും ലഖ്‌നൗ ടീമിൽ തിരിച്ചെത്തി. ബാംഗ്ലൂരും ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സിദ്ധാര്‍ത്ഥ് കൗളിന് പകരം മുഹമ്മദ് സിറാജ് അന്തിമ ഇലവനിൽ സ്ഥാനം നേടി.

Story Highlights: RCB has a huge score against lucknow