പാട്ട് വേദിയിൽ ഗാനഗന്ധർവ്വന്റെ മറ്റൊരു മനോഹര ഗാനവുമായി കുഞ്ഞ് ശ്രീദേവ്; കൂടെ പാടി വേദിയുടെ പ്രിയ ഗായിക ആൻ ബെൻസൺ

May 16, 2022

മലയാളി പ്രേക്ഷകരുടെ ഇഷ്‌ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. പ്രശസ്‌തരായ പല ഗായകരും പാട്ട് വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്‌ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.

മലയാളികളുടെ ഇടയിൽ വലിയ ആരാധകവൃന്ദമാണ് ഈ കുരുന്ന് ഗായകർക്കുള്ളത്. വേദിയിലെ കുഞ്ഞ് മിടുക്കനായ ശ്രീദേവിന്റെ പാട്ടിനും ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് ഇപ്പോൾ ഗാനഗന്ധർവ്വൻ യേശുദാസിന്റെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗാനം ആലപിച്ചാണ് പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത്.

‘ഓളങ്ങൾ’ എന്ന ചിത്രത്തിലെ “വേഴാമ്പൽ കേഴും…” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രീദേവ് പാട്ട് വേദിയിൽ ആലപിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തനായ സംഗീതജ്ഞൻ ഇളയരാജ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മലയാളികളുടെ ഇഷ്‌ടകവി ഒ.എൻ.വി കുറുപ്പാണ്. കെ ജെ യേശുദാസും എസ് ജാനകിയമ്മയുമാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read More: “ശ്യാമമേഘമേ നീ..”; ടോപ് സിംഗർ വേദിയുടെ കൈയടി ഏറ്റുവാങ്ങിയ ആൻ ബെൻസന്റെ പാട്ട്

പാട്ട് വേദിയുടെ പ്രിയഗായിക ആൻ ബെൻസണും ശ്രീദേവിനൊപ്പം ഈ ഗാനം ആലപിച്ചപ്പോൾ അവിസ്മരണീയമായ ഒരു നിമിഷമാണ് വേദിയിൽ പിറന്നത്.

Story Highlights: Sreedev sings an evergreen song sung by yesudas