ചുണ്ടത്ത് ചെത്തിപ്പൂ… ഗംഭീരമായി പാടി ആൻ ബെൻസൻ, കോറസ് പാടാൻ ശ്രേയക്കുട്ടിയും

May 11, 2022

സംഗീതം ജീവവായുവാക്കിയ ഒരു കൂട്ടം കുരുന്നുകൾ മാറ്റുരയ്ക്കാൻ എത്തുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ട് പ്രേമികൾ എക്കാലത്തും കേൾക്കാൻ കൊതിക്കുന്ന അതിമനോഹര ഗാനങ്ങൾക്കൊപ്പം ചിലപ്പോഴൊക്കെ ഈ കുരുന്നുകളുടെ കുസൃതി വർത്തമാനങ്ങൾ കേൾക്കാനായും പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. അത്തരത്തിൽ പാട്ട് വേദിയിൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരാർത്ഥിയാണ് ആൻ ബെൻസൺ. അതിഗംഭീരമായാണ് ഈ കുഞ്ഞ് വേദിയിൽ ഓരോ പാട്ടുകളും ആലപിക്കുന്നത്.

ഇത്തവണ ‘ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ തൊത്തര തൊത്തര പൂത്തുമ്പീ…’ എന്ന ഗാനവുമായാണ് ആൻ വേദിയിലെത്തിയത്. മമ്മൂട്ടി നായകനായ ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.കൈതപ്രം ദാമോദർ മാസ്റ്ററുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകിയ ഗാനം സിനിമയ്ക്ക് വേണ്ടി ആലപിച്ചത് എം ജി ശ്രീകുമാറും ചിത്ര അയ്യരും ചേർന്നാണ്. ഈ ഗാനവുമായി ആൻ വേദിയിലെത്തുമ്പോൾ കോറസ് പാടാനായി ഗായികയും ടോപ് സിംഗർ വേദിയിലെ അവതാരികയുമായ ശ്രേയയും ഇത്തവണ എത്തുന്നുണ്ട്. മറ്റ് കുട്ടിഗായകർക്കൊപ്പമാണ് ശ്രേയക്കുട്ടിയും വേദിയിൽ പാട്ടിന് കോറസ് പാടുന്നത്.

Read also: ഈ ചെറുപ്രായത്തിൽ ഇതൊക്കെ ഒരു അത്ഭുതമല്ലേ, പാട്ടിനൊപ്പം മേഘ്‌നക്കുട്ടിയുടെ കുസൃതി വർത്തമാനങ്ങളും; ഏറ്റെടുത്ത് ജഡ്ജസ്

പക്വതയാർന്ന ആലാപനത്തിലൂടെ കൈയടി നേടിയിട്ടുള്ള ഗായികയാണ് ആൻ ബെൻസൺ. അടിച്ചുപൊളി ഗാനങ്ങളും മെലഡിയുമെല്ലാം ഭദ്രമാണ് ഈ കൊച്ചുമിടുക്കിയുടെ കൈകളിൽ. മുൻപ് ബിടിഎസ് ഡൈനാമൈറ്റ് പെർഫോമൻസുമായി പാട്ടുവേദിയെ അതിശയിപ്പിച്ചതാണ് ഈ കൊച്ചുഗായിക. വിധികർത്താക്കളും കൈയടികളോടെയാണ് ആനിന്റെ പ്രകടനങ്ങളെ സ്വീകരിച്ചത്. മികച്ച അഭിപ്രായമാണ് ആൻ പാട്ടിലൂടെ ഇതിനോടകം പാട്ട് വേദിയിൽ നിന്നും നേടിയത്. കുരുന്നുകളുടെ ആലാപനമികവിനപ്പുറം നിഷ്കളങ്കത നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും കുസൃതികൾക്കൊണ്ടും ടോപ് സിംഗർ വേദി ഏറെ മനോഹരമാണ്.

Story highlights: Sreya with Ann Benson song goes viral