കമൽ ഹാസൻ-ഫഹദ് ഫാസിൽ ചിത്രം വിക്രത്തിൽ അതിഥി താരമായി സൂര്യ എത്തുന്നുവെന്ന് റിപ്പോർട്ട്

May 12, 2022

കമൽ ഹാസൻ ചിത്രം വിക്രത്തിനായി കാത്തിരിക്കുന്ന ലോകമെങ്ങുമുള്ള ആരാധകർക്ക് വലിയ സർപ്രൈസ് ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ തമിഴ് സൂപ്പർ താരം സൂര്യ അതിഥി താരമായി എത്തുന്നുവെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗത്തിലാണ് സൂര്യ ചിത്രത്തിലെത്തുക എന്നാണ് പറയപ്പെടുന്നത്. സൂര്യ അഭിനയിച്ച ഭാഗങ്ങളുടെ ഷൂട്ടിംഗ് ചെന്നൈയിൽ പൂർത്തിയായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇപ്പോൾ സൂര്യ വിക്രത്തിന്റെ ലൊക്കേഷനിൽ എത്തിയ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വിഡിയോയിൽ വിക്രത്തിന്റെ ലൊക്കേഷനിലെത്തിയ സൂര്യയെയും അദ്ദേഹത്തെ ആലിംഗനത്തോടെ സ്വീകരിക്കുന്ന കമൽ ഹാസനെയും കാണാം. വിക്രത്തിന്റെ രണ്ടാം ഭാഗത്തിൽ സൂര്യ ഒരു മുഴുനീള കഥാപാത്രമായി എത്താൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഈ വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ വന്നിട്ടില്ല.

ഉലകനായകൻ കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു.‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ട്.

Read More: ഒരു ‘മിന്നൽ’ ചിത്രം; വൈറലായി രാജസ്ഥാൻ-ഡൽഹി മത്സരത്തിനിടയിൽ ബേസിൽ ജോസഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം

അതേ സമയം ഈ വരുന്ന മെയ് 15 നാണ് ചിത്രത്തിന്റെ ഓഡിയോ, ട്രെയ്‌ലർ ലോഞ്ചുകൾ നടക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സേവ് ദി ഡേറ്റ് പോസ്റ്ററിലൂടെയാണ് ഹോട്ട്സ്റ്റാർ ചടങ്ങിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് ഓഡിയോ, ട്രെയ്‌ലർ ലോഞ്ചുകൾ നടക്കുന്നത്.

Story Highlights: Surya to do a cameo role in Kamal Hasan’s Vikram