ക്യാപ്റ്റൻ അമേരിക്കയും ധനുഷും ഒരുമിക്കുന്നു; അവെഞ്ചേഴ്‌സ് സംവിധായകരുടെ ‘ദി ഗ്രേമാൻ’ ട്രെയ്‌ലർ പുറത്ത്

May 24, 2022

ലോകം മുഴുവൻ വലിയ ആരാധക വൃന്ദമാണ് മാർവെൽ സിനിമകൾക്കുള്ളത്. അതിൽ തന്നെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രങ്ങളാണ് അവെഞ്ചേഴ്‌സ് സീരീസിലുള്ള ചിത്രങ്ങൾ. ലോകം മുഴുവൻ വലിയ വിജയമായ ചിത്രമാണ് അവെഞ്ചേഴ്‌സ് സിനിമ പരമ്പരയിലെ അവസാന ചിത്രമായ എൻഡ്ഗെയിം. ഒരു സമയത്ത് ജെയിംസ് കാമറൂണിന്റെ അവതാറിനെയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി എൻഡ്ഗെയിം മാറിയിരുന്നു.

റൂസ്സോ ബ്രദേർസ് എന്നറിയപ്പെടുന്ന സംവിധായകരായ ആന്റണി റൂസോയും ജോസഫ് റൂസോയുമാണ് എൻഡ്ഗെയിം സംവിധാനം ചെയ്തത്. റൂസ്സോ ബ്രദേർസിന്റെ അടുത്ത ചിത്രമാണ് നെറ്റ്ഫ്ലിക്സിന് വേണ്ടി അവർ ചെയ്യുന്ന ‘ദി ഗ്രേമാൻ.’ അവെഞ്ചേഴ്‌സ് ചിത്രങ്ങളിൽ ക്യാപ്റ്റൻ അമേരിക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ് ഇവാൻസും പ്രശസ്ത നടൻ റയാൻ ഗോസ്ലിങ്ങും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ ധനുഷും ഒരു നിർണായക കഥാപാത്രമായി എത്തുന്നുണ്ട്..

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്. ട്രെയ്‌ലറിൽ ഒരു ആക്ഷൻ രംഗത്തിലാണ് ധനുഷിനെ കാണിക്കുന്നത്. ചിത്രത്തിൽ മികച്ച റോൾ തന്നെയാണ് ധനുഷിനുള്ളതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രമാണിതെന്നാണ് പറയപ്പെടുന്നത്. മാർക്ക് ഗ്രീനി എഴുതി 2009 ൽ പുറത്തിറങ്ങിയ ‘ദി ഗ്രേമാൻ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. അനാ ഡെ അർമാസ് നായികയാവുന്ന ചിത്രം ജൂലൈ 22 നാണ് നെറ്റ്ഫ്ലിക്സിലൂടെ ലോകത്താകമാനം റിലീസ് ചെയ്യുന്നത്.

Read More: ‘എന്നാൽ ഒന്ന് തിരിഞ്ഞു നോക്കിക്കോ’; ആരാധകരെ വികാരാധീനരാക്കി ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് നൽകി കമൽ ഹാസൻ

ഒടിടിയിലൂടെ ലോകത്താകമാനം ആരാധകരെ സൃഷ്‌ടിച്ച നടൻ കൂടിയാണ് ധനുഷ്. ധനുഷിന്റെ കാർത്തിക് സുബ്ബരാജ് ചിത്രം ‘ജഗമേ തന്തിരം’ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നതിന് മുൻപ് ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ച റൂസ്സോ സഹോദരങ്ങളുടെ ട്വീറ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story Highlights: The Gray Man trailer released