‘രണ്ട് ദിവസത്തേക്ക് ഫോണില്ല, ഇന്റർനെറ്റില്ല; സുഹൃത്തുക്കളായി ഒട്ടകങ്ങളും ആടുകളും മാത്രം!’- എ ആർ റഹ്‌മാൻ

June 2, 2022

ഓസ്‌കാർ ജേതാവായ ഇന്ത്യൻ സംഗീതസംവിധായകൻ എ ആർ റഹ്‌മാൻ ഇപ്പോൾ ജോർദാനിലാണ് എന്ന വാർത്ത അന്തർദേശിയ മാധ്യമങ്ങൾ പോലും ഏറ്റെടുത്തിരിക്കുകയാണ്. ഇതിൽ മലയാളികൾക്കും അഭിമാനിക്കാം. കാരണം, ആടുജീവിതം എന്ന മലയാള ചിത്രത്തിന്റെ ഭാഗമാകാനാണ് എ ആർ റഹ്മാൻ ജോർദാനിൽ എത്തിയിരിക്കുന്നത്. സംഗീത സംവിധായകനൊപ്പമുള്ള ചിത്രം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ഇപ്പോൾ രസകരമായ ഒരു കുറിപ്പിനൊപ്പം ആടുജീവിതത്തിന്റെ ഭാഗമാകുന്ന വിവരം പങ്കുവയ്ക്കുകയാണ് എ ആർ റഹ്മാൻ.

തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും, ഷൂട്ടിംഗ് ലൊക്കേഷനിൽ ടീമിനൊപ്പം ചേരാൻ റഹ്മാൻ തീരുമാനിക്കുകയായിരുന്നു. ‘രണ്ട് ദിവസത്തേക്ക് ഫോണില്ല, ഇന്റർനെറ്റില്ല; സുഹൃത്തുക്കളായി ഒട്ടകങ്ങളും ആടുകളും മാത്രം!’- എ ആർ റഹ്‌മാൻ കുറിക്കുന്നു. ‘ഈ സിനിമ വളരെ പ്രത്യേകതയുള്ളതാണ്; അത് മനുഷ്യത്വത്തെക്കുറിച്ചാണ്. ബ്ലെസ്സിയെപ്പോലൊരു സംവിധായകൻ ഈ ചിത്രത്തിന് എല്ലാം നൽകിയിട്ടുണ്ട്. മുഴുവൻ ടീമിനും പ്രതിബദ്ധതയുണ്ട്. പ്രോത്സാഹനത്തിന്റെ ആംഗ്യമായാണ് ഞാൻ ലൊക്കേഷനിലേക്ക് എത്തിയത്’- ഒരു അന്തർദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എ ആർ റഹ്മാൻ പറയുന്നു.

മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ വാദി റമിൽ പുരോഗമിക്കുകയാണ്. നടൻ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത “ആടുജീവിതം” കേരളത്തിൽ നിന്ന് ഒരു ഗൾഫ് രാജ്യത്ത് എത്തുന്ന കുടിയേറ്റ തൊഴിലാളിയുടെ വേദനാജനകമായ കഷ്ടപ്പാടാണ് പങ്കുവയ്ക്കുന്നത്.

Read Also: പിറന്നാൾ പാട്ടിനിടയിൽ പ്രിയതമയുടെ സർപ്രൈസ് എൻട്രി; എം ജി ശ്രീകുമാറിന്റെ രസകരമായ പ്രതികരണം- വിഡിയോ

ചിത്രത്തിന്റെ സ്കോറിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും റഹ്മാൻ പറയുന്നു. ഗാനങ്ങൾ കൂടുതലും സാഹചര്യങ്ങൾക്കനുസരിച്ചുള്ളവയാണ് എന്നും ഒരു താരാട്ടുപോലെയോ വിലാപം പോലെയോ പ്രണയഗാനം പോലെയോ ഒക്കെയാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് എന്ന് അദ്ദേഹം പങ്കുവയ്ക്കുന്നു. ഒരു പാട്ട് ചെയ്യണമെന്നായിരുന്നെങ്കിലും ഈ സിനിമയ്ക്കുവേണ്ടി മൂന്നോ നാലോ ഗാനങ്ങൾ ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

Story highlights- A. R. Rahman arrived in Jordan for aadujeevitham movie