യാത്രക്കാരൻ ബസിൽ കുഴഞ്ഞുവീണു; സമയോചിതമായി സിപിആർ നൽകി അശ്വതി
യാദൃശ്ചികമായി ഉണ്ടാകുന്ന പല അപകടങ്ങളിലും ചിലപ്പോഴൊക്കെ സഹായഹസ്തവുമായി എത്തുന്ന ആളുകളെ നാം കണ്ടിട്ടുണ്ട്. പെട്ടന്നുണ്ടാകുന്ന അപകടങ്ങളിൽ പലരും എന്തുചെയ്യണം എന്നറിയാതെ നോക്കിനിൽക്കുമ്പോൾ സമചോതിമായ ഇടപെടലുകൾ നടത്താൻ കഴിയുന്നത് ചിലപ്പോഴൊക്കെ ജീവൻ തന്നെ രക്ഷിക്കാൻ കാരണമായേക്കാം. അത്തരം ഒരു സംഭവമാണ് കഴിഞ്ഞദിവസം കൊല്ലം കെഎസ്ആർടിസി ബസിലും സംഭവിച്ചത്. കൊല്ലത്ത് നിന്നും തെങ്കാശിയിലേക്കുള്ള ബസിൽ ഒരാൾ അപ്രതീക്ഷിതമായി കുഴഞ്ഞ് വീഴുകയായിരുന്നു.
ബസിൽ കുഴഞ്ഞുവീണ ആളെ പിടിച്ചെഴുന്നേൽപ്പിക്കാനായി ബസ് ഡ്രൈവറും കണ്ടക്ടറും ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ നില അല്പം അപകടകരമായിരുന്നു. അപ്പോഴാണ് ബസിൽ ഉണ്ടായിരുന്ന അശ്വതി എന്ന യുവതി കുഴഞ്ഞുവീണ യാത്രക്കാരന് സിപിആർ നൽകിയത്. അഞ്ച് മാസം ഗർഭിണിയായിരുന്ന അശ്വതി നഴ്സാണ്. അതിനാൽ തന്നെ കുഴഞ്ഞുവീണ ആളെ പരിശോധിച്ചപ്പോൾ അദ്ദേഹത്തിന് ഹൃദയാഘാതമാണെന്ന് അശ്വതി തിരിച്ചറിഞ്ഞു. പെട്ടന്ന് തന്നെ സിപിആർ നൽകുകയും അദ്ദേഹത്തെ ആശുപത്രയിൽ പ്രവേശിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി.
ബസ് ജീവനക്കാർക്കൊപ്പം രോഗിയുമായി ആശുപത്രിയിലെത്തിയ അശ്വതി രോഗി അപകടനില തരണം ചെയ്തുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആശുപത്രിയിൽ നിന്നും ഇറങ്ങിയത്. അതേസമയം അശ്വതിയുടെ സമയോചിതമായ ഇടപെടലിന് നിറഞ്ഞ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബസ് ജീവനക്കാരും ബസിൽ ഉണ്ടായിരുന്ന ആളുകൾക്കും പുറമെ ആശുപത്രിയിൽ ഉണ്ടായിരുന്നവരും അശ്വതിയ്ക്ക് പ്രശംസ നൽകിക്കൊണ്ടെത്തുന്നുണ്ട്.
Read also: ഗംഗാനദിയിലേക്ക് എടുത്ത് ചാടി എഴുപതുകാരി, നീന്തിക്കയറിയത് അനായാസം- അവിശ്വസനീയമായ കാഴ്ച
ഇത്തരത്തിലുള്ള സമയോചിതമായ പല ഇടപെടലുകളുടെയും ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു അശ്വതിയുടെ ഈ നല്ല മനസിനെ.
Story highlights: Aswathy saves the life of ksrtc traveller