ഗംഗാനദിയിലേക്ക് എടുത്ത് ചാടി എഴുപതുകാരി, നീന്തിക്കയറിയത് അനായാസം- അവിശ്വസനീയമായ കാഴ്ച

June 29, 2022

സമൂഹമാധ്യമങ്ങൾ കൂടുതൽ ജനകീയമായതോടെ രസകരവും കൗതുകം നിറഞ്ഞതുമായ ഒട്ടനവധി ചിത്രങ്ങളും വിഡിയോകളുമാണ് ദിവസവും വൈറലാകുന്നത്. പ്രായഭേദമന്യേ മുതിർന്നവരും കുഞ്ഞുങ്ങളുമൊക്കെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞാടുന്ന ഇക്കാലത്ത് കാഴ്ചക്കാരുടെ മുഴുവൻ പ്രശംസകൾ ഏറ്റുവാങ്ങുകയാണ് ഒരു മുത്തശ്ശി. കാഴ്ചയിൽ പ്രായം ഏകദേശം എഴുപത് വയസ് തോന്നിക്കുന്ന ഇവർ ഗംഗാനദിയിലേക്ക് എടുത്ത് ചാടുന്നതും, നദി അനായാസം നീന്തിക്കയറുന്നതുമായ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. ഹരിദ്വാർ പാലത്തിൽ നിന്ന് ഗംഗാ നദിയിലേക്ക് ചാടി നീന്തുന്ന ഈ മുത്തശ്ശിയെ ഏറെ അത്ഭുതത്തോടെ അവിടെ കൂടിനിന്നവർ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ആൾക്കൂട്ടത്തിനിടെയിൽ നിന്നും താൻ നിൽക്കുന്ന ഭാഗത്തെ വേലി കടന്ന് ഒരു മുത്തശ്ശി പാലത്തിൽ നിന്നും താഴേക്ക് ചാടുന്നതാണ് വിഡിയോയിൽ ഉള്ളത്. കൂടെനിന്നവരെ മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് ഈ മുത്തശ്ശി നദിയിലേക്ക് ചാടുന്നത്. എന്നാൽ കാഴ്‌ചക്കാരെ മുഴുവൻ അത്ഭുതപ്പെടുത്തികൊണ്ട് ഇവർ അനായാസം വളരെ കൂളായി നദിയിലൂടെ നീന്തുകയാണ്. തുടർന്ന് എല്ലാവരും ചേർന്ന് ഇവർക്ക് പ്രോത്സാഹനം നൽകുന്നുമുണ്ട്.

Read also: ‘ഭീഷ്മ പർവ്വ’ത്തിനും ‘പുഴു’വിനും ശേഷം ഇനി ‘റോഷാക്ക്’; പുതിയ ചിത്രത്തിന്റെ തിരക്കുകളുമായി

അതേസമയം അശോക് ബസോയ എന്നയാളാണ് ഈ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. എഴുപതികരിയായ മുത്തശ്ശി ഗംഗാനദിയിലേക്ക് ചാടിയെന്നും ശേഷം ഇവർ ഇത് അനായാസം നീന്തി കടന്നുമെന്നുമുള്ള കുറിപ്പോടെയാണ് ഇവർ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ നിരവധിപ്പേരാണ് ഈ കാഴ്ച അവിശ്വസനീയമാണെന്ന തരത്തിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ ചില വിമർശനങ്ങളും ഉയരുന്നുണ്ട്, ഇത് അപകടം പിടിച്ച കാര്യമാണെന്നും ഇത്രയും പ്രായമായ ആളുകളെ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കരുത് എന്ന തരത്തിലുമാണ് പലരും കുറിയ്ക്കുന്നത്.

Story highlights: Heart-stopping Video of 70-Year-old Woman Dives from Bridge into River