‘ഭീഷ്മ പർവ്വ’ത്തിനും ‘പുഴു’വിനും ശേഷം ഇനി ‘റോഷാക്ക്’; പുതിയ ചിത്രത്തിന്റെ തിരക്കുകളുമായി മമ്മൂട്ടി, വിഡിയോ

June 29, 2022

മമ്മൂട്ടി ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന ആരാധകരെ മുഴുവൻ ആവേശത്തിലാഴ്ത്തുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ. റോഷാക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമ ലൊക്കേഷനിൽ എത്തിയ മമ്മൂയുടെ വിഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അതേസമയം പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ പേര് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഒപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെയേറെ ശ്രദ്ധനേടിയിരുന്നു. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ‘കെട്ടിയോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Read also: സ്കൂട്ടർ യാത്രക്കിടെ അപ്രതീക്ഷിതമായി തലയിലേക്ക് തേങ്ങ; ദൃശ്യങ്ങൾ പഠിപ്പിക്കുന്നത് വലിയൊരു പാഠമെന്ന് സോഷ്യൽ മീഡിയ

അതേസമയം ചിത്രത്തിന്റെ പേരിനെ സംബന്ധിച്ച് ഏറെ ചർച്ചകൾ വന്നിരുന്നു. അതിന് പിന്നാലെ റോഷാക്ക് എന്നാൽ എന്താണെന്ന് വെളിപ്പെടുത്തുന്ന നിരവധി കുറിപ്പുകളും പുറത്തുവന്നിരുന്നു. റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കൽ ടെസ്റ്റാണ്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാൾ അതിൽ എന്ത് കാണുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുകയും, തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണ്ണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ചോ അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്.

Story highlights: Mammootty for the shooting of Rorschach movie