ഉടമയ്ക്കൊപ്പം എല്ലാ സൂം ക്ലാസ്സുകളിലും പങ്കെടുത്തു; വളർത്തുപൂച്ചയ്ക്കും ബിരുദം!
കൊവിഡ് കാലത്ത് സജീവമായ ഒന്നാണ് സൂം കോളിലൂടെയുള്ള ക്ലാസുകൾ. സ്കൂളുകളിലും കോളേജുകളിലുമെല്ലാം സൂം ക്ലാസുകൾ ആയിരുന്നു സജീവമായിരുന്നത്. ഇപ്പോഴിതാ, ഇങ്ങനെ സൂം ക്ലാസ്സിൽ പങ്കെടുത്ത് ബിരുദം നേടിയിരിക്കുകയാണ് ഒരു പൂച്ച.പൂച്ച അതിന്റെ ഉടമസ്ഥന്റെ ഒപ്പം എല്ലാ സൂം ക്ലാസിലും പങ്കെടുത്തതിന് ശേഷമാണ് സർവകലാശാലയിൽ നിന്ന് ‘ബിരുദം’ നേടിയത്.
ഫ്രാൻസെസ ബോർഡിയർ എന്ന യുവതിയും പ്രിയപ്പെട്ട പൂച്ച സുകിയും അടുത്തിടെ ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയത് രസകരമാണ്.തന്റെ കോളേജ് കാലത്തിന്റെ ഭൂരിഭാഗവും സുകിയോടൊപ്പം വീട്ടിൽ ചെലവഴിക്കാൻ ഫ്രാൻസെസ നിർബന്ധിതയായി.
കോഴ്സിലെ എല്ലാ സൂം ലെക്ചറിലും പങ്കെടുത്ത ഒരു അർപ്പണബോധമുള്ള വിദ്യാർത്ഥിയായി സുകി എന്ന പൂച്ചയും മാറി. എന്തായാലും മോർട്ടാർ ബോർഡ് തൊപ്പിയും ഗൗണും ധരിച്ച തൻറെയും പൂച്ചയുടെയും ചിത്രങ്ങൾ ഫ്രാൻസെസ പോസ്റ്റ് ചെയ്തതോടെയാണ് ഈ ബിരുദം ചർച്ചയായത്. ‘ഞാൻ നടത്തിയ എല്ലാ സൂം ക്ലാസ്സുകളിലും എന്റെ പൂച്ച പങ്കെടുത്തിരുന്നു, അതിനാൽ ഞങ്ങൾ രണ്ടുപേരും ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടും,” ഫ്രാൻസെസ എഴുതി.
‘ഞാൻ കൂടുതൽ സമയവും എന്റെ അപ്പാർട്ട്മെന്റിൽ ആയിരുന്നു, അടുത്ത് എന്റെ പൂച്ചയും ഉണ്ടായിരുന്നു. ഞാൻ എന്റെ സൂം ക്ലാസുകൾ നടത്തുമ്പോഴെല്ലാം, അവൾ അത് കേൾക്കാൻ ഏറെക്കുറെ ആഗ്രഹിച്ചതുപോലെ, എപ്പോഴും എന്റെ അടുത്ത് തന്നെ ഇരിക്കുമായിരുന്നു’- ഉടമ പറയുന്നു. രസകരമായ ഈ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
Story highlights- Cat ‘graduates’ from university