പ്രായഭേദമില്ലാതെ തേടിയെത്തുന്ന കൊളസ്‌ട്രോള്‍; നിയന്ത്രിക്കാൻ എളുപ്പവഴികൾ

June 17, 2022

നാടോടുമ്പോള്‍ നടുവേ അല്ല ഒരു മുഴം മുന്നേ ഓടുന്നവരാണ് നമ്മളിൽ മിക്കവരും. ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരോഗ്യകാര്യത്തിലും ചില മാറ്റങ്ങൾക്ക് കാരണമായിക്കൊണ്ടിരിക്കുകയാണ്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ മുതലായ ജീവിതശൈലീ രോഗങ്ങള്‍ക്കും ഇക്കാലത്ത് കുറവില്ല.

പ്രായഭേദമന്യേ യുവാക്കള്‍ക്കിടയില്‍ പോലും കൊളസ്‌ട്രോള്‍ അധികമായി കണ്ടുവരാറുണ്ട്. വ്യായാമക്കുറവും കൃത്യതയില്ലാത്ത ഭക്ഷണ രീതിയുമൊക്കെയാണ് പലപ്പോഴും കൊളസ്‌ട്രോള്‍ കൂടുതലാകാന്‍ കാരണം. കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്താന്‍ നിത്യജീവിതത്തിൽ വ്യായാമം ഉറപ്പാക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഡയറ്റും കൃത്യമായി ക്രമീകരിക്കണം.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ എന്തെല്ലാം ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് പരിചയപ്പെടാം. കലോറി കുറവുള്ള ഭക്ഷണങ്ങളും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുമാണ് പ്രധാനമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതോടൊപ്പം മത്സ്യവും കഴിക്കാം. സാല്‍മണ്‍, ട്യൂണ പോലെയുള്ള മത്സ്യങ്ങള്‍ അമിതമായ കൊളസ്‌ട്രോളിനെ ചെറുക്കാന്‍ സഹായിക്കുന്നു.

Read also: മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ..?

വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്. ശരീരത്തിലെ മോശം കൊളസ്‌ട്രോളിനെ ഇല്ലായ്മ ചെയ്യാനും വെളുത്തുള്ളിയിലെ ഘടകങ്ങള്‍ സഹായിക്കുന്നു. അതുപോലെതന്നെ ഇഞ്ചിയും ജീരകവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും കൊളസ്‌ട്രോളിനെ ചെറുക്കാന്‍ സഹായിക്കുന്നു. ഡ്രൈ ഫ്രൂട്‌സും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമായ ഡ്രൈ ഫ്രൂട്‌സുകള്‍ അമിതമായ കൊളസ്‌ട്രോളിനെ കുറയ്ക്കാനും വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കുന്നു.

Read also: ഗ്രാമത്തെ വിഴുങ്ങാൻ എത്തിയ സുനാമിയോ..? വൈറലായ ദൃശ്യങ്ങൾക്ക് പിന്നിൽ

ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. ഇതുവഴി ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാം. ചീരയില, മുരിങ്ങയില, തകര തുടങ്ങിയ ഇലക്കറികള്‍ ഏറെ ആരോഗ്യകരമാണ്. അതുപോലെതന്നെ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മാതളനാരങ്ങയും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Story highlights: cholesterol-preventing methods