ദുൽഖറിനൊപ്പം അമിതാഭ് ബച്ചനും പ്രഭാസും നാനിയും; ശ്രദ്ധനേടി ഒരു ‘പാൻ ഇന്ത്യൻ’ ചിത്രം

June 27, 2022

ഒരു പാൻ ഇന്ത്യൻ താരമായി മാറുകയാണ് മലയാളികളുടെ പ്രിയനടൻ ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലെല്ലാം ദുൽഖർ സൽമാൻ നായകനായി എത്തി. ദുൽഖർ വേഷമിടുന്ന പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുകയാണ്. ആർ ബാൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടൻ വേഷമിടുന്നത്. ഇപ്പോഴിതാ, ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾക്കും സംവിധായകർക്കും ഒപ്പമുള്ള ദുൽഖർ സൽമാന്റെ ചിത്രം ശ്രദ്ധനേടുകയാണ്.

മുതിർന്ന സംവിധായകൻ രാഘവേന്ദ്ര റാവു, അമിതാഭ് ബച്ചൻ, ‘സലാർ’ സംവിധായകൻ പ്രശാന്ത് നീൽ, നാനി, പ്രഭാസ് എന്നിവർക്കൊപ്പമുള്ള ദുൽഖറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ നടന്ന ‘പ്രൊജക്‌റ്റ് കെ’യുടെ ഉദ്ഘാടന ചടങ്ങിനിടെ എടുത്ത ചിത്രമാണിത്. പ്രഭാസും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് ‘പ്രോജക്റ്റ് കെ.’ നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധായകൻ.

വൈജയന്തി മൂവീസ് എന്ന പ്രസിദ്ധ സിനിമാ കമ്പനി പുതിയ ഓഫീസ് തുറക്കുകയും ഈ പ്രൊഡക്ഷൻ ഹൗസ് തെലുങ്ക് സിനിമാലോകത്ത് 50 വർഷം പൂർത്തിയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് അഭിനേതാക്കൾ ഒത്തുചേർന്നത് എന്നാണ് സൂചന. അതേസമയം, ദുൽഖർ സൽമാൻ നിരവധി സിനിമകളിൽ വേഷമിടുന്നുണ്ട്. മലയാളത്തേക്കാൾ സ്വീകാര്യത ദുൽഖറിന് മറ്റു ഭാഷകളിൽ ആണെന്നതാണ് ശ്രദ്ധേയം.

Read also: അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല- നടൻ വി പി ഖാലിദിന്റെ ഓർമ്മയിൽ സിനിമാലോകം

1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ‘സീതാ രാമം’ എന്ന തെലുങ്ക് ചിത്രം ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. ദുൽഖർ പട്ടാളക്കാരനായി വേഷമിടുന്ന ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.  മൃണാൾ താക്കൂർ ആണ് നായിക. രശ്‌മിക മന്ദാനായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Story highlights- dulquer salman with pan indian stars